തിരുവനന്തപുരം: മോശമായി പെരുമാറിയെന്ന സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ പരാതിയില്‍ വന്ദേഭാരത് ടി.ടി.ഇക്കെതിരായ നടപടി പിന്‍വലിച്ചു. ചീഫ് ടി.ടി.ഇ ജി.എസ് പത്മകുമാറിനെതിരായ നടപടിയാണ് പിന്‍വലിച്ചത്. സര്‍വീസ് സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി റദ്ദാക്കിയത്. സത്യസന്ധമായി ജോലി ചെയ്തതിനാണ് പത്മകുമാറിനെതിനെ നടപടിയെടുത്തതെന്നും പിന്‍വലിക്കണമെന്നും സര്‍വീസ് സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
ചെയര്‍ കാര്‍ ടിക്കറ്റെടുത്ത സുഹൃത്ത് സ്പീക്കറുടെ അടുത്ത് സംസാരിക്കാനെത്തിയതാണ് തര്‍ക്കത്തിന് കാരണമായത്. ഉയര്‍ന്ന ക്ലാസിലായിരുന്നു സ്പീക്കര്‍ യാത്ര ചെയ്തത്. താന്‍ സ്പീക്കറാണെന്ന് പറഞ്ഞിട്ടും മോശമായി പെരുമാറിയെന്നാണ് ഷംസീറിന്റെ പരാതി. കഴിഞ്ഞ മാസം 30ന് എറണാകുളത്ത് വച്ചായിരുന്നു സംഭവം.