കൊച്ചി: തനിക്കെതിരായ യുവതിയുടെ ലൈംഗിക പീഡനാരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നടന്‍ നിവിന്‍ പോളി. ഡിജിപിക്കും പരാതി കൈമാറിയിട്ടുണ്ട്. തനിക്കെതിരായ പീഡനക്കേസ് വ്യാജമാണെന്നാണ് പരാതിയില്‍ പറയുന്നത്.
പീഡനം നടന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ ഉണ്ടായിരുന്നത് കേരളത്തിലാണെന്ന് നടന്‍ വ്യക്തമാക്കി. ഗൂഢാലോചന അന്വേഷിക്കണം. കരിയര്‍ നശിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇതിന് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. ഇ-മെയില്‍ മുഖേനയാണ് പരാതി നല്‍കിയത്.
നിവിനെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് പറഞ്ഞ് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.
അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നായിരുന്നു നിവിന്‍ പോളിക്കെതിരെ യുവതി നല്‍കിയ പരാതി.