2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത് വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകര്‍ക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസമെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
കേരളത്തിന്റെ വ്യാവസായിക രംഗത്ത് വലിയ കുതിപ്പുണ്ടാക്കുന്ന വാര്‍ത്തയാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ 2022ലെ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങില്‍ നാം കൈവരിച്ചിരിക്കുന്ന നേട്ടം. ഇതുപ്രകാരം ടോപ്പ് അച്ചീവര്‍ ലിസ്റ്റിലെ ഒന്നാം സ്ഥാനം കേരളം നേടിയിരിക്കുന്നു. വ്യവസായങ്ങളാരംഭിക്കാന്‍ സൗഹൃദാന്തരീക്ഷമുള്ള നാടായി നിക്ഷേപകര്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് രേഖപ്പെടുത്തിയ ലിസ്റ്റിലാണ് കേരളം ഒന്നാമതെത്തിയിരിക്കുന്നത്.
ഇതേ റാങ്കിങ് പട്ടികയുടെ 2021 ലെ പതിപ്പില്‍ 28ആം സ്ഥാനത്തായിരുന്നു കേരളം. അടുത്ത വര്‍ഷം നാം പതിനഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ലിസ്റ്റ് പ്രകാരം 9 സൂചികകളില്‍ കേരളം ടോപ്പ് അച്ചീവര്‍ സ്ഥാനം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് വന്നിരിക്കുന്ന ആന്ധ്രാപ്രദേശ് 5 സൂചികകളില്‍ ടോപ്പ് അച്ചീവര്‍ സ്ഥാനം നേടി. 3 സൂചികകളില്‍ ഗുജറാത്താണ് ഒന്നാമതെത്തിയത്. സംരംഭക സമൂഹം നല്‍കുന്ന അഭിപ്രായത്തെ കൂടി പരിഗണിച്ചു രൂപപ്പെടുത്തുന്ന ലിസ്റ്റാണ് ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങിന്റേത്. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായിക രംഗത്ത് കേരളമുണ്ടാക്കിയ മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് സംരംഭകര്‍ക്ക് കൈവന്നിരിക്കുന്ന ഈ ആത്മവിശ്വാസം. കൂടുതല്‍ മെച്ചപ്പെട്ട വ്യവസായികാന്തരീക്ഷവും നിക്ഷേപവുമുള്ള വികസിത സമൂഹമായി നമുക്ക് മാറേണ്ടതുണ്ട്. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങില്‍ നാം കൈവരിച്ചിരിക്കുന്ന നേട്ടം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകും.