ഡൽഹി: യു എസ് തിരഞ്ഞെടുപ്പ് ഫലം ട്രംപിന്റെയും തീവ്ര വലതുപക്ഷത്തിന്റെയും നിലപാടുകൾക്കേറ്റ വലിയ തിരിച്ചടിയാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇടതുപക്ഷ ശക്തികളുടെ കാലം കഴിഞ്ഞുവെന്ന വ്യാഖ്യാനം ഇതിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിനെ ജയിപ്പിക്കാൻ അവിടെ ഒരു ഗ്യാനേഷ് കുമാർ ഇല്ല. അതുകൊണ്ടാണ് അവിടെ ട്രംപ് തോറ്റത്. ഇന്ത്യയിലും മാറ്റങ്ങൾ ഉണ്ടാകും.
ബിജെപി തറയിൽ ഇറങ്ങി നടക്കാൻ തുടങ്ങി. ഇത് പ്രതിപക്ഷത്തിന്റെ വിജയമാണ്. രാജ്യത്ത് ഇന്ത്യ സഖ്യത്തിന്റെ അടുത്തഘട്ട പ്രതിഷേധങ്ങളും പാർലമെന്റ് സെഷനിലെ സമരങ്ങളും ആലോചിക്കുന്നുണ്ട്. ഇതിനൊപ്പം പാർട്ടി തലത്തിൽ കൂടുതൽ പഠന ക്ലാസുകൾ നടത്തുമെന്നും പ്രതിഷേധവും സിപിഐഎം പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാം തികഞ്ഞവർ എന്നാ ഭാവം സിപിഐഎം പ്രവർത്തകർക്ക് ഇല്ല.
നേതാക്കളും ഇപ്പോഴും കാര്യങ്ങൾ പഠിക്കുന്നവർ. ജനങ്ങളിൽ നിന്നും പഠിക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തും. നേതാക്കളുടെ പാർലമെന്റ് വ്യാമോഹം അംഗീകരിക്കാൻ ആകാത്തത്. പഠന ക്ലാസിൽ പിണറായി വിജയന് പ്രത്യേക ഇളവ് നൽകിയിരുന്നു. പ്രത്യേക കാരണങ്ങളാൽ ആണ് പിണറായി വിജയൻ ക്ലാസ്സിൽ പങ്കെടുക്കാത്തത് എന്നും എം എ ബേബി പ്രതികരിച്ചു. കേന്ദ്ര കമ്മിറ്റിയുടെ പഠന ക്ലാസ് പൂർത്തിയായി. തുടർ ചർച്ചകൾ സംസ്ഥാനങ്ങളിൽ നടക്കും. കമ്മ്യൂണിസ്റ്റുകാർ ജനങ്ങളെ ചേർത്തുപിടിച്ചു പോകേണ്ടതാണ്. എന്തെങ്കിലും വീഴ്ച പറ്റിയെങ്കിൽ തിരുത്തി മുന്നോട്ടുപോകുമെന്നും എം എ ബേബി വ്യക്തമാക്കി.
