കോഴിക്കോട്: ഫാറൂഖ് കോളേജിന്റെ ഭാഗത്തു നിന്ന് തനിക്ക് നേരിടേണ്ടി വന്ന അപമാനകരമായ അനുഭവം പങ്കുവെച്ച് സംവിധായകന് ജിയോ ബേബി. ഡിസംബര്‍ അഞ്ചാം തിയതി കോളേജ് ഫിലിം ക്ലബ് സംഘടിപ്പിച്ച പരിപാടിയില്‍ തന്നെ ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ മുന്‍കൂട്ടി അറിയിക്കാതെ പരിപാടി റദ്ദാക്കിയെന്നും ജിയോ ബേബി പറയുന്നു. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ കത്ത് ലഭിച്ചെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയില്‍ ജിയോ ബേബി പറയുന്നു.
കോഴിക്കോട് എത്തിയതിന് ശേഷമാണ് പരിപാടി കാന്‍സല്‍ ചെയ്തതായി താന്‍ അറിയുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം പോസ്റ്റര്‍ റിലീസ് ചെയ്ത പരിപാടി പെട്ടെന്ന് മാറ്റിവെച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചെങ്കിലും അവര്‍ മറുപടി നല്‍കിയില്ലെന്നും ജിയോ ബേബി പറഞ്ഞു. കോളേജിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരായതിനാല്‍ പ്രസ്തുത പരിപാടിയുമായി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന് സഹകരിക്കില്ലെന്നുമെന്ന ഫാറൂഖ് കോളേജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ ഒരു കത്ത് പിന്നീട് തനിക്ക് ഫോര്‍വേഡ് ആയി ലഭിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിഷയത്തില്‍ താന്‍ അപമാനിതന്‍ ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ജിയോ ബേബി വ്യക്തമാക്കി. ഇത്തരം വിദ്യാര്‍ത്ഥി യൂണിയന് എന്ത് ആശയമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാമില്‍ പ്രതിഷേധം അറിയിച്ചു കൊണ്ട് പങ്കുവച്ച വീഡിയോയില്‍ ജിയോ ബേബി ചോദിച്ചു.
