കലൂർ സ്റ്റേഡിയത്തില്‍ ഉമ തോമസ് എംഎൽഎയ്ക്ക് വീണ് പരിക്കേറ്റ സംഭവത്തില്‍ ഓസ്കാർ ഇന്റർനാഷണൽ ഇവന്റ്സ് ഉടമയായ പി എസ് ജിനീഷ് കുമാർ കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ജിനീഷിനെ പിടികൂടിയത്. ജനീഷിനെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസിന്‍റെ തീരുമാനം. ഹൈക്കോടതി നിർദ്ദേശിച്ചിട്ടും ജിനീഷ് അന്വേഷണ സംഘത്തിന് മുൻപിൽ ഹാജരായിരുന്നില്ല.

അതേസമയം, സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ ഫസ്റ്റ് ക്സാസ് ജുഡീഷ്യൽ മജിസ്ട്റേറ്റ് കോടതി ഉത്തരവ് പറയും. കേസിൽ അഞ്ച് പേരെയാണ് പൊലീസ് പ്രതി ചേർത്തിട്ടുള്ളത്. മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുൾ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് നേരത്തെ ഇടക്കാല ജാമ്യം കോടതി അനുവദിച്ചിരുന്നു. കോടതി നിർദേശപ്രകാരം സ്റ്റേഷനിൽ ഹാജരായ മൃദംഗവിഷൻ എം ഡി നികോഷ് കുമാറിനും ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

ഉമാ തോമസിന് പരിക്കേൽക്കാനിടയായ കൊച്ചിയിലെ നൃത്ത പരിപാടിയുടെ സംഘാടനത്തിൽ സർവത്ര തരികിടയെന്നാണ് സിറ്റി പൊലീസ് പറയുന്നത്. സ്റ്റേഡിയം ജിസിഡിഎയിൽ നിന്ന് വാടകയ്ക്ക് എടുക്കാൻ അപേക്ഷ നൽകിയതും കരാർ ഒപ്പിട്ടതും ഒന്നാം പ്രതിയും മൃദംഗ വിഷൻ എംഡിയുമായ നിഗോഷ് കുമാറാണ്. എന്നാൽ അനുമതി പത്രം അടക്കം കൈപ്പറ്റിയത് ഇവന്‍റ് മാനേജ്മെന്‍റ് ചുമതലയുണ്ടായിരുന്ന കൃഷ്ണകുമാറും. എന്നാൽ മൃദംഗവിഷനും കൃഷ്ണകുമാറിന്‍റെ സ്ഥാപനവും തമ്മിൽ യാതൊരു കരാറുമില്ല. 24 ലക്ഷം ഇയാൾക്ക് നൽകി എന്നാണ് നിഗോഷ് കുമാറിന്‍റെ മൊഴി. അതായത് സംഘടനവുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങളെ ഏൽപ്പിച്ചെങ്കിലും യാതൊരു ഔദ്യോഗിക രേഖകളുമില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പരിപാടിയുടെ വിശ്വാസ്യത പരിശോധിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

യഥാർഥ ഗിന്നസ് റിക്കാർഡ് തന്നെയാണോ കിട്ടിയത്, അവാർഡ് നിശ്ചയിക്കാൻ കൊച്ചിയിലെത്തിയവർ അതിന് യോഗ്യതയുള്ളവർ തന്നെയാണോ, മൃദംഗവിഷനുമായുള്ള കരാർ എന്താണ്, ഗിന്നസ് റിക്കാർഡ്സ് അധികൃതരുമായി പണമിടപാട് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത വരുത്തത്. ഇക്കാര്യത്തിൽ സിറ്റി പൊലീസ് വിശദീകരണം തേടും. ഇതിനിടെ 12000 നർത്തകരെ കൊച്ചിയിലെത്തിച്ചതിന് നൃത്താധ്യാപകർക്കുളള കമ്മീഷൻ തുക ഉടൻ നൽകുമെന്ന് മൃദംഗവിഷൻ വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ അറിയിച്ചിട്ടുണ്ട്. തലയൊന്നിന് 900 രൂപ എന്നതായിരുന്നു. കമ്മീഷൻ. മൃദംഗ വിഷന്‍റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന നടപടിയും പൊലീസ് തുടരുകയാണ്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്ന ഉമ തോമസിന്‍റെ വെന്‍റിലേറ്റർ കഴിഞ്ഞ ദിവസം നീക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *