സിബ്ഗത്തുള്ള. എം എഡിറ്റര്‍ ജനശബ്ദം നൂസ്

കലോത്സവം എന്ന് പറയുമ്പോള്‍ ആദ്യം മനസില്‍ വരുന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. കലോത്സവ വേദികളിലെത്തുന്ന കലാപ്രതിഭകള്‍ക്കും കലാ ആസ്വാദകര്‍ക്കും പഴയിടം ഊട്ടി തുടങ്ങിയിട്ട് 25 വര്‍ഷം തികയുന്നുവെന്ന പ്രത്യേകതയുമുണ്ട്. എത്രയോ കലാ ആസ്വാദകര്‍ പഴയിടത്തിന്റെ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം കലോത്സവങ്ങളില്‍ എത്താറുണ്ട്.ഓരോ വര്‍ഷവും വെറൈറ്റി പായസങ്ങളാണ് പഴയിടത്തിന്റെ പ്രത്യേകത. മനസ്സും വയറും നിറയ്ക്കുന്ന രീതിയില്‍ ഭക്ഷണ രുചികള്‍ ഒരുക്കും.

കലോത്സവത്തെ ഊട്ടിയ 25 വര്‍ഷങ്ങളുടെ ഓര്‍മ്മയുമായി പഴയിടം മോഹനന്‍ നമ്പൂതിരി.

പാചകക്കാരനാകാന്‍ ആഗ്രഹിച്ചഒരാളായിരുന്നില്ല

യാദൃച്ഛികമായാണ് ഈ മേഖലയിലേക്കെത്തുന്നത്. കോട്ടയം കുറിച്ചിത്താനം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഇടയ്ക്ക് നാമജപമുണ്ടാകും. അപ്പോള്‍ ഭക്തര്‍ക്ക് ഭക്ഷണം തയ്യാറാക്കാന്‍ ക്ഷേത്രത്തിലെ ശാന്തി നിര്‍ബന്ധിച്ചു. കറികളൊക്കെ ഉണ്ടാക്കിയപ്പോള്‍ നല്ല രുചിയെന്ന് നാട്ടുകാര്‍ അഭിപ്രായം പറഞ്ഞു. അതായിരുന്നു പാചകത്തിലേക്കുള്ള തുടക്കം. അന്ന് അമ്പതോളംപേര്‍ക്കാണ് ഭക്ഷണമുണ്ടാക്കിയത്. കോട്ടയം ജില്ലാ സ്‌കൂള്‍കലോത്സവത്തിലാണ് ആദ്യം പങ്കാളിയായത്. 2006 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മുതല്‍ പഴയിടം മോഹനന്‍ നമ്പൂതിരിയും കൂട്ടരുമാണ് ഭക്ഷണപ്പുരയുടെ ചുമതല വഹിക്കുന്നത്.
പിന്നീട് പത്തിലധികം സംസ്ഥാന കലോത്സവങ്ങളടക്കം അമ്പതിലധികം കലോത്സവങ്ങള്‍ക്കും രണ്ട് ദേശീയമീറ്റുകള്‍ക്കും ഭക്ഷണമൊരുക്കിയിട്ടുണ്ട്.എം.എസ്.സി ഫിസിക്‌സില്‍ ബിരുദമുണ്ട്. അക്കാലത്ത് ധാരാളം മത്സര പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. ഏതാണ്ട് 126 ഓളം പരീക്ഷകള്‍ എഴുതിയിട്ടുണ്ട്. 2013-ലെ മലപ്പുറം കലോത്സവം മറക്കാനാവാത്ത അനുഭവമാണ്. കുട്ടികള്‍ ഉള്‍പ്പെടെ അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. നാടിന്റെ ഉത്സവംപോലെയാണ് ആ കലോത്സവം ആഘോഷിക്കപ്പെട്ടത്. 30,000 ലിറ്റര്‍ സാമ്പാര്‍ ഉണ്ടാക്കി. കോഴിക്കോട് കലോത്സവം തുടങ്ങിയശേഷവും തിരക്കൊഴിയാത്ത ഇടം ഊട്ടുപുരയാണ്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നവര്‍ ഏറെയാണ്.കലോത്സവ വേദികളില്‍ മാത്രമല്ല ക്ഷേത്രങ്ങളിലും പള്ളികളിലും ഭക്ഷണം വിളമ്പാറുണ്ട്.

വായനയുടെ ലോകത്തേക്ക് നയിച്ചത്എം.ടി

എല്ലാകാലവും എന്റെ രുചിക്കൂട്ടിന് നന്ദിപറഞ്ഞിട്ടുള്ളവര്‍ ഏറെയാണ്. എന്നാല്‍ കോഴിക്കോട് കലോത്സവം നടന്നപ്പോള്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി എത്തിയത് പഴയിടത്തിന്റെ മറക്കാനാവാത്ത അനുഭവമാണ്.വായനയുടെ ലോകത്തേക്ക് പടയിടത്തെ നയിച്ചത് എം.ടിയാണ്.
എം.ടി.യുടെ പുസ്തകങ്ങള്‍ക്ക് മാത്രമായി വീട്ടില്‍ ഒരു ഷെല്‍ഫ് ഒരുക്കിയിട്ടുണ്ട്. എം.ടിയുടെ എല്ലാ പുസ്തകങ്ങളും തിരക്കഥകളും വായിച്ചിട്ടുണ്ട്.ജീവിതത്തില്‍ ഇനി മുന്നോട്ട് ഇല്ലെന്നു തീരുമാനിച്ച സാഹചര്യത്തില്‍ തുണയായതും എം.ടി യുടെ കൃതിയാണ്. വായനയും യാത്രയുമാണ് ഇഷ്ട വിനോദങ്ങള്‍.

പഴയിടത്തിന്റെ പാതയില്‍ മക്കളും

മകന്‍ യദു ആണ് റസ്റ്റോറന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മകള്‍ മാളവിക രണ്ടു പേരും അച്ഛന്റെ പാതയില്‍ തന്നെയാണ്. ഭാര്യ ശാലിനി.ഭാര്യയുടെയും മരുമകളുടെയും നോട്ടത്തില്‍ വിവിധതരം രുചിക്കൂട്ടുകള്‍, അച്ചാറുകള്‍, പലഹാരങ്ങള്‍ വീട്ടില്‍ തന്നെ നിര്‍മ്മിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *