അന്തരിച്ച ഗായിക ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെയും മാനേജര്‍ പൂജ ദദ്‌ലാനിയും പ്രാര്‍ഥിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇന്ത്യയുടെ വാനമ്പാടിക്ക് ആദാരഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നത് വൈറല്‍ ചിത്രത്തില്‍ കാണാം. ഷാരൂഖ് മുസ്‌ലിങ്ങളുടെ പ്രാര്‍ഥനയായ ദുആ ചെയ്യുമ്പോള്‍ പൂജ കൈകൂപ്പി പ്രാര്‍ഥിക്കുന്നതായി ആണ് ചിത്രത്തിലുണ്ടായിരുന്നത്.

‘വിഭാഗീയതയില്‍ മുങ്ങി നില്‍ക്കുന്ന വര്‍ത്തമാന ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുഖമടച്ചുള്ള അടിയാണ്’ ഈ ചിത്രം എന്നായിരുന്നു സമൂഹ്യമാധ്യമങ്ങളില്‍ നടന്ന ചര്‍ച്ച. ഷാരൂഖ് ഖാന്റെ ചിത്രം ചൂണ്ടിക്കാട്ടി ചില വിദ്വേഷ പ്രചാരണങ്ങളും സാമൂഹിക മാധ്യമങ്ങളിലുണ്ടായി. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന പ്രചാരണം ചിലര്‍ നടത്തുകയുണ്ടായി.

ഷാരൂഖ് ഖാന്‍ ലത മങ്കേഷ്‌കറിന്റെ ഭൗതിക ശരീരത്തില്‍ തുപ്പി എന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആദരാഞ്ജലി അര്‍പ്പിച്ചപ്പോള്‍ ലതയുടെ ഭൗതിക ശരീരത്തിനരികെ നിന്ന് പ്രാര്‍ഥിച്ച ശേഷം ഷാരൂഖ് മാസ്ക് മാറ്റി കുനിഞ്ഞുനിന്ന് ആദരവ് പ്രകടിപ്പിച്ചിരുന്നു. ഇതിനെയാണ് ഷാരൂഖ് ഖാന്‍ തുപ്പി എന്ന രീതിയില്‍ വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നത്.

ഇതിന് പിന്നാലെ ഷാരൂഖിനെതിരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. ആക്രമണങ്ങളെ അപലപിച്ച് നിരവധി ആളുകള്‍ രംഗത്തുവന്നു.
ലത മങ്കേഷ്‌കറുടെ ഭൗതികശരീരം കഴിഞ്ഞ ദിവസം വൈകിട്ടാണ് സംസ്‌കരിച്ചത്. മുംബൈ ശിവാജി പാര്‍ക്കില്‍ വൈകിട്ട് ആറരയോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്‌കറിന്റെ സഹോദരിയും ഗായികയുമായ ആശാ ഭോസെ്‌ലെ, ബോളിവുഡ് താരങ്ങളായ ശ്രദ്ധ കപൂര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *