നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായി വീടുകളും സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്നത് മെയ് 14 വരെ നിർത്തിവെച്ചു. എന്നാല്‍ ഇവിടങ്ങളിൽ നിന്ന് ടെലിഫോണ്‍ വഴി വിവരങ്ങള്‍ ശേഖരിക്കുന്നത് തുടരും. പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ, പ്രൈസ് കളക്ഷന്‍ സര്‍വ്വേ എന്നിവയ്ക്കായി ടെലഫോണ്‍ മുഖാന്തരം ബന്ധപ്പെടുന്ന എന്യൂമറേറ്റര്‍മാര്‍ക്ക് കൃത്യമായ വിവരം നല്‍കണം. കളക്ഷന്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആക്ടിന്റെ ഭാഗമായി ആന്വൽ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസിനായി തെരഞ്ഞെടുത്ത ഫാക്ടറികള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഫാക്ടറികളെ ബന്ധപ്പെടുന്ന ഓഫീസര്‍മാര്‍ക്ക് ബാലന്‍സ് ഷീറ്റ് അടക്കമുള്ള വിവരങ്ങള്‍ ഈ മെയില്‍ വഴി കൈമാറുകയും തുടര്‍ വിവരങ്ങള്‍ ഇ-മെയില്‍ വഴി സമയബന്ധിതമായി അയയ്ക്കുകയും വേണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഡയറക്ടര്‍ മുഹമ്മദ് യാസിര്‍ എഫ് അറിയിച്ചു.

ഫിഷറീസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും

ജില്ലയില്‍ മണ്‍സൂണ്‍കാല കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂം മെയ് 15 മുതല്‍ പ്രവര്‍ത്തിക്കും. അപകടങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ യഥാസമയം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകളിലെയും തോണികളിലെയും തൊഴിലാളികളുടെ പൂര്‍ണ്ണവിവിരങ്ങള്‍ യാനം ഉടമസ്ഥര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ആവശ്യപ്പെടുന്ന പക്ഷം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ ബോധ്യപ്പെടുത്തണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *