കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കായി ജില്ലാ ഭരണകൂടം മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് 19 രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ അതിനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുൻസിപ്പൽ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ്.

കോവിഡ് രോഗികൾ മരിച്ചാൽ ആ വിവരം ആശുപത്രി അധികൃതർ ഉടൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറല്ലാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറി മൃതദേഹം മോർച്ചറിയിൽ നിന്നും ഏറ്റുവാങ്ങി സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള പൊതുശ്മശാനത്തിൽ സംസ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച കൃത്യമായ മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കണം സംസ്കരണം.

ഇത്തരത്തിൽ സംസ്കരിക്കേണ്ട മൃതദേഹങ്ങൾ ആശുപത്രിയിൽ നിന്നും സെക്രട്ടറി ചുമതലപ്പെടുത്തിയവർക്ക് വിട്ടു നൽകണം. മൃതദേഹം ഏറ്റുവാങ്ങുന്നവർക്കും സംസ്കാരം നടത്തുന്നവർക്കും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ മെഡിക്കൽ ഓഫീസർ /ഹെൽത്ത് ഇൻസ്പെക്ടർ ലഭ്യമാക്കണം. ഇപ്രകാരം ശവസംസ്കാരം നടത്തുന്ന സമയവും സ്ഥലവും പോലീസ് സ്റ്റേഷൻ വഴി സെക്രട്ടറി ബന്ധുക്കളെ അറിയിക്കണം.

ജില്ലയിലെ 70 പഞ്ചായത്തുകളിൽ 32 എണ്ണത്തിലും ഏഴു മുനിസിപ്പാലിറ്റികളിൽ രണ്ടെണ്ണത്തിലും മാത്രമാണ് പൊതുശ്മശാനമുള്ളത്. കോർപ്പറേഷനിൽ ആറു പൊതുശ്മശാനങ്ങളുണ്ട്. പൊതുശ്മശാനങ്ങളില്ലാത്ത പഞ്ചായത്തുകളിൽ മൃതദേഹം പ്രസ്തുത പഞ്ചായത്ത് ഉൾപ്പെട്ട ബ്ലോക്ക് പഞ്ചായത്തിലെ മറ്റേതെങ്കിലും പൊതുശ്മശാനത്തിൽ സംസ്കരിക്കണം. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും തഹസിൽദാർക്കുമാണ്. അതേസമയം മൃതദേഹം ഏറ്റുവാങ്ങാനും അത് ആശുപത്രിയിൽ നിന്നും ശ്മശാനത്തിൽ എത്തിക്കാനുള്ള നടപടി മരിച്ച ആളുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ ചെയ്യണം. പോലീസ് ഇക്കാര്യം ഉറപ്പുവരുത്തണം.

മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ തയ്യാറുള്ള കേസുകളിൽ ആശുപത്രികളിൽ നിന്നും അത് ബന്ധുക്കൾക്ക് തന്നെ വിട്ടു കൊടുത്ത് വിവരം തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും എസ്.എച്ച്.ഒ യെയും അറിയിക്കേണ്ടതാണ്. ഇങ്ങനെ മൃതദേഹം ഏറ്റു വാങ്ങുന്നവർ കൃത്യമായ പ്രോട്ടോകോൾ പാലിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യുന്നതിനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ/ ഹെൽത്ത് ഇൻസ്പെക്ടർ നൽകണം. വീടുകളിൽ എത്തിക്കുമ്പോൾ മൃതദേഹം ബാഗിൽ നിന്ന് പുറത്തെടുക്കാനോ സ്പർശിക്കാനോ കുളിപ്പിക്കാനോ പാടില്ല. കുട്ടികളോ 65 വയസ്സിൽ കൂടുതൽ ഉള്ളവരോ മരണാനന്തര ചടങ്ങിൽ പങ്കെടുക്കരുത്. ചടങ്ങിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി മെഡിക്കൽ ഓഫീസർ കൈമാറണം. മൃതദേഹം സംസ്കരിക്കുന്നവർ നിർബന്ധമായും പിപിഇ കിറ്റ് ധരിക്കണം.

ഇത്തരത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങുന്ന മൃതദേഹവും വീട്ടുവളപ്പിൽ സംസ്കരിക്കുന്നില്ലെങ്കിൽ പൊതുശ്മശാനത്തിൽ മുകളിൽ പറഞ്ഞ രീതിയിൽ സംസ്കരിക്കാനുള്ള നടപടികൾ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർ സ്വീകരിക്കണം. മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും കോവിഡ് ഡെത്ത് മാനേജ്മെന്റ് ടീം രൂപീകരിച്ച് ടീം ലീഡറുടെ ഫോൺ നമ്പർ പ്രസിദ്ധീകരിക്കണം.

കോവിഡ് രോഗികളുടെ മൃതദേഹം കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുന്നത് തീർത്തും അപകട രഹിതമാണെന്ന് ബോധവൽക്കരണം നടത്തണം. ആരോഗ്യ പ്രവർത്തകർ ഇതിനാവശ്യമായ പരിശീലനവും മാർഗ്ഗ നിർദ്ദേശങ്ങളും കൃത്യമായി നൽകണം.

ഉറ്റവരും ബന്ധുക്കളുമില്ലാതെ മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കേണ്ട ചുമതല കോർപ്പറേഷൻ സെക്രട്ടറിക്കാണ്. കൂടാതെ മറ്റു സ്ഥലങ്ങളിൽ നിന്നും ബന്ധുക്കൾ എത്തിക്കുന്ന മൃതദേഹവും കോർപ്പറേഷൻ പരിധിയിലെ ശ്മശാനങ്ങളിൽ സംസ്കരിക്കാനുള്ള നടപടികൾ കോവിഡ് ഡെത്ത് മാനേജ്മെന്റ് ടീം സ്വീകരിക്കണം. ഈ കാര്യത്തിൽ കോവിഡ് രോഗികളുടെ മൃതദേഹം എന്ന വിവേചനം പാടില്ല. ഇവ നിർദ്ദിഷ്ട പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കാനുള്ള നിർദ്ദേശങ്ങൾ അതത് ശ്മശാന ജീവനക്കാർക്ക് നൽകണം. മരണം സംഭവിച്ച് പരമാവധി 10 മണിക്കൂറിനകം കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം അതത് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിയുടെതാണ്

Leave a Reply

Your email address will not be published. Required fields are marked *