കൊച്ചി: ഓപറേഷന്‍ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ അഭിമാനിക്കുന്നുവെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി. തിരിച്ചടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ വിശ്വാസമുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു.
‘ഞങ്ങള്‍ക്ക് സംഭവിച്ച നഷ്ടം ആര്‍ക്കും ഒരിക്കലും നികത്താന്‍ സാധിക്കില്ല. രാവിലെ എഴുന്നേല്‍ക്കുന്ന സമയത്താണ് ഈ വാര്‍ത്ത കേട്ടത്. ഈ വാര്‍ത്തയാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്ത്യക്കും സാധാരണക്കാര്‍ക്കുമെതിരെ വരുന്ന ഭീകരര്‍ക്ക് ഇത്തരത്തില്‍ തന്നെ തിരിച്ചടി നല്‍കണ’മെന്നും ആരതി വ്യക്തമാക്കി.
‘ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നു. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി. എന്റെ അമ്മ അടക്കമുള്ള സ്ത്രീകളുടെ സിന്ദൂരമാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിലൂടെ മാഞ്ഞത്. അതിന് മറുപടി നല്‍കുന്ന സമയത്ത് ‘ഓപറേഷന്‍ സിന്ദൂര്‍’ എന്ന പേരിനേക്കാള്‍ ഉചിതമായ മറ്റൊന്ന് ഇനി ഉണ്ടാകില്ല’ -ആരതി ചൂണ്ടിക്കാട്ടി.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരില്‍ ഒരാളാണ് എറണാകുളം ഇടപ്പള്ളി സ്വദേശിയായ എന്‍. രാമചന്ദ്രന്‍. ഭാര്യക്കും മകള്‍ ആരതിക്കും കൊച്ചുമക്കള്‍ക്കുമൊപ്പമായിരുന്നു രാമചന്ദ്രന്‍ ജമ്മു കശ്മീരിലെ പഹല്‍ഗാം സന്ദര്‍ശിച്ചപ്പോഴാണ് ഭീകരര്‍ ആക്രമണം നടത്തിയത്.