കോഴിക്കോട് : ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ നൂറ്റാണ്ടില്‍ ജീവിച്ച മനുഷ്യസ്‌നേഹത്തിന്റെ അതുല്യ മാതൃകയായിരുന്നുവെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.
കോഴിക്കോട് പൗരാവലി സെന്റ് ജോസഫ് പള്ളിയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ഇസ്രയേല്‍ പാലസ്തീനില്‍ നടത്തുന്ന യുദ്ധത്തിന്നെതിരെ പാപ്പാ സംസാരിച്ചിരുന്നു. താന്‍ ഉപയോഗിച്ചിരുന്ന വാഹനം ഗാസയിലെ കുട്ടികള്‍ക്ക് ആശുപത്രിക്കായി ഉപയോഗിക്കണമെന്ന് ഒസ്യത്ത് ചെയ്ത മാര്‍പ്പാപ്പ എന്നും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുകയുണ്ടായി.

ചടങ്ങില്‍ സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഫ്രാന്‍സിസ് പാപ്പാ ലോകത്തെ ദൈവദൃഷ്ടിയിലൂടെ വീക്ഷിക്കാന്‍ ശ്രമിച്ച വ്യക്തിത്വത്തിന് ഉടമ ആണെന്ന് പറഞ്ഞു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് ദൈവവിളിക്ക് അനുസൃതമായി അനന്തമായ ക്ഷമയുടെ വക്താവായി സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നല്‍കികൊണ്ട് ഫ്രാന്‍സിസ് പാപ്പ കടന്നു പോയി എന്ന് അനുസ്മരിച്ചു.

കോഴിക്കോട് അതിരൂപത ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ ഫ്രാന്‍സിസ് പാപ്പ വലിയൊരു മനുഷ്യസ്‌നേഹി ആയിരുന്നുവെന്നും എല്ലാവരെയും ആദരിക്കുവാനും അംഗീകരിക്കുവാനും കഴിവുള്ള മഹത് വ്യക്തിയായിരുന്നുവെന്നും അനുസ്മരിച്ചു.

മാതൃഭൂമി മാനേജിംഗ് ഡയരക്ടര്‍ പി.വി. ചന്ദ്രന്‍, ഡോ. കെ മൊയ്തു, ഫാദര്‍ ഇ.പി. മാത്യു, ചടഡ പ്രസിഡന്റ് അഭിജിത്ത്, ഫാ. ജെയിംസ് എന്നിവര്‍ സംസാരിച്ചു. ശാഫി പറമ്പില്‍ എം.പി, ടി. സിദ്ധീഖ് എം എല്‍ എ , ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അതിരൂപതാ വികാരി ജനറല്‍ മോന്‍സിഞ്ഞോര്‍ ജന്‍സന്‍ പുത്തന്‍ വീട്ടില്‍ സ്വാഗതവും KLCA രൂപത പ്രസിഡന്റ് ബിനു എഡ്വേര്‍ഡ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *