ശ്രീനഗര്‍: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യയുടെ സൈനിക നീക്കത്തിന് പിന്നാലെ ശ്രദ്ധയാകര്‍ഷിക്കുന്നത് കേണല്‍ സോഫിയ ഖുറേഷി എന്ന പേരാണ്. ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യ പാകിസ്താനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നില്‍. ആക്രമണത്തിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും കാര്യങ്ങള്‍ വിശദീകരിച്ചത് സോഫിയ ഖുറേഷിയായിരുന്നു.
ആരാണ് കേണല്‍ സോഫിയ ഖുറേഷി
ഇന്ത്യന്‍ ആര്‍മിയിലെ കോര്‍പ്‌സ് സിഗ്‌നല്‍സിലെ സീനിയര്‍ ഓഫീസറാണ് കേണല്‍ സോഫിയ ഖുറേഷി. ഗുജറാത്തില്‍ നിന്നുള്ള സോഫിയ ബയോകെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദദാരിയാണ്. സൈനികരുള്ള കുടുംബത്തില്‍ നിന്നാണ് സോഫിയയും എത്തുന്നത്. അവരുടെ മുത്തച്ഛന്‍ ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്തിട്ടുണ്ട്. ഭര്‍ത്താവും ഇന്ത്യന്‍ സേനയില്‍ അംഗമാണ്.
2006ല്‍ യു.എന്നിന്റെ സമാധാന ദൗത്യസംഘത്തിന്റെ ഭാഗമായി സോഫിയ പ്രവര്‍ത്തിച്ചു. ആറ് വര്‍ഷത്തോളും യു.എന്നിനൊപ്പം സേവനം ചെയ്തിരുന്നു. പിന്നീട് 2016ല്‍ ആസിയാന്‍ പ്ലസ് സൈനികാഭ്യാസത്തില്‍ ഇന്ത്യയെ നയിച്ചതും ഖുറേഷിയായിരുന്നു. ഒടുവില്‍ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിലും പെണ്‍കരുത്തിനെ തന്നെ ഇന്ത്യന്‍സേന ഉപയോഗിച്ചു.