വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവിനിലയം’ എന്ന തിരക്കഥയെ അടിസ്ഥാനമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ച’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ ബഷീര്‍ എന്ന കഥാപാത്രമാണ് ഫസ്റ്റ് ലുക്കില്‍ ഉള്ളത്. ടൊവിനോയാണ് ബഷീറായി ചിത്രത്തിലെത്തുന്നത്.വെളിച്ചമില്ലാത്ത ഭാര്‍ഗവിനിലയത്തിലേക്ക് എത്തുന്ന യുവ നോവലിസ്റ്റായ ടൊവിനോയെ ആണ് പോസ്റ്ററില്‍ കാണുന്നത്. വാതിലിന് മുകളില്‍ നീലവെളിച്ചവും കാണാം.

ടൊവിനോയ്ക്ക് പുറമെ റിമ കല്ലിങ്കല്‍, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, ഉമ കെ.പി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ‘നീലവെളിച്ച’ത്തിന്റെ പ്രഖ്യാപന സമയത്ത് പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. പിന്നീട് ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം അവര്‍ സിനിമയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.1960കളില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ കാണിക്കുന്നത്. നീലവെളിച്ചം ഭാര്‍ഗവി നിലയം എന്ന പേരില്‍ 1964ല്‍ സിനിമയാക്കിയിട്ടുണ്ട്. പ്രേംനസീര്‍, മധു, വിജയ നിര്‍മല തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നാരദനു ശേഷം ടൊവിനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നീലവെളിച്ചം.

Leave a Reply

Your email address will not be published. Required fields are marked *