ബെംഗളൂരുവില്‍ ആനേക്കാല്ലിയില്‍ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് യുവാവ്. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കില്‍ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
26കാരിയായ മാനസയെ ഭര്‍ത്താവ് ശങ്കര്‍ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാള്‍ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നല്‍കിയിരിക്കുന്ന മൊഴി.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലില്‍ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്റെ ക്വിക് റെസ്‌പോണ്‍സ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു യുവാവ് സ്‌കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തില്‍ പോകുകയായിരുന്നു.
സ്‌കൂട്ടറിന്റെ ഫുട്‌ബോര്‍ഡില്‍ വെട്ടിയെടുത്ത നിലയില്‍ ഒരു സ്ത്രീയുടെ തല. ഇതാരാണെന്ന് തിരക്കിയ പൊലീസിനോട് ഇത് തന്റെ ഭാര്യയാണെന്നും താന്‍ കൊലപ്പെടുത്തിയെന്നും യുവാവിന്റെ ഭാവഭേദമില്ലാതെയുള്ള മറുപടി നല്‍കി. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു കുഞ്ഞുണ്ട്.
മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇവരോട് നേരത്തേ വീട്ടില്‍ നിന്ന് പോകാന്‍ പറഞ്ഞിരുന്നെന്നും ശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. വീടുവിട്ടെങ്കിലും കുഞ്ഞിനെ ഓര്‍ത്ത് മാനസ തിരിച്ച് വന്നെന്നും കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. ഇതേത്തുടര്‍ന്ന് ഇവര്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. ഒടുവില്‍ ഇവരെ മഴു ഉപയോഗിച്ച് ശങ്കര്‍ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.