തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാര്‍. തങ്ങളെ അടിച്ചമര്‍ത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായി. കസ്റ്റമേഴ്‌സിന്റെ പണം ഞങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങിയാല്‍ മതിയെന്ന് ദിയ പറഞ്ഞു. താന്‍ വരുമ്പോള്‍ ആഴ്ചയിലോ, മാസത്തിലോ പണമായി കൈയില്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞു. പിന്നീട് കുറേ നാളുകള്‍ക്ക് ശേഷമാണ് നികുതിയുമായി ബന്ധപ്പെട്ട കാര്യമുള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിലേക്ക് പണം വാങ്ങാന്‍ പറഞ്ഞതെന്ന് പറഞ്ഞു. ഷോപ്പിന്റെ കാര്യങ്ങളെല്ലാം ഞങ്ങളെയാണ് ഏല്‍പ്പിച്ചിരുന്നത്. ദിയ പലപ്പോഴും ഷോപ്പിലേക്ക് വരാറില്ലെ’ന്നും പരാതിക്കാര്‍ പറഞ്ഞു.

‘പാര്‍ട്ട് ടൈം എന്നുപറഞ്ഞ് കയറിയ ജോലി ഓവര്‍ടൈം ആയപ്പോള്‍ ജോലി ഉപേക്ഷിക്കണമെന്ന് തീരുമാനിച്ചിരുന്നു. തന്റെ പ്രസവം കഴിയുന്നത് വരെ അവിടെ നിക്കണമെന്നും അതിനുശേഷം പുതിയ സ്റ്റാഫുകളെ നോക്കുമെന്നും ദിയ പറഞ്ഞതുകൊണ്ടാണ് വീണ്ടും അവിടെ നിന്നത്. പിന്നീട് എന്തുപറഞ്ഞാലും അടിച്ചമര്‍ത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തു. അതുകൊണ്ട് ജോലിക്ക് വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ കസ്റ്റമേഴ്‌സിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയതിന്റെ സ്‌ക്രീന്‍ഷോട്ട് കയ്യിലുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.

ഞങ്ങളെ അവര്‍ ചീത്തവിളിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ട് കൈയിലുണ്ട്. ഞങ്ങളെ ഭീഷണിപ്പെടുത്തിയാണ് അവര്‍ കാര്യങ്ങള്‍ സമ്മതിപ്പിച്ചത്. നിങ്ങള്‍ കാരണം തന്റെ 200 ഓര്‍ഡറുകളാണ് പാക്ക് ചെയ്യാതെ പോയിരിക്കുന്നത്. പരാതി നല്‍കേണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപ കൊടുക്കണമെന്ന് ദിയ പറഞ്ഞെ’ന്നും പരാതിക്കാര്‍.

‘ദിയ ഫ്‌ലാറ്റിലേക്ക് പണവുമായി എത്താന്‍ പറഞ്ഞു. അവിടെയെത്തി ഞങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങിയതിനുശേഷം ദിയ അവരുടെ വീട്ടുകാരെ വിളിക്കുകയും അവര്‍ അവിടെ എത്തുകയും ചെയ്തു. ഞങ്ങളുടെ അനുവാദമില്ലാതെ അവര്‍ അഞ്ച് പേരും പല സൈഡില്‍ നിന്ന് ഞങ്ങളെ വീഡിയോയെടുത്തു. ദിയയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് യൂട്യൂബില്‍ ട്രെന്‍ഡാകാനുള്ള കണ്ടന്റ് മാത്രമാണ്. ഞങ്ങളെ ഒരു വണ്ടിയില്‍ കയറ്റി ഏതോ ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ കൃഷ്ണകുമാറും ഭാര്യയും നാല് മക്കളും മറ്റു കുറച്ചുപേരും ഉണ്ടായിരുന്നു. അവിടെ വച്ച് ഞങ്ങളുടെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഞങ്ങള്‍ക്കെതിരെ ദിയ വധഭീഷണി വരെ മുഴക്കി.’- അവര്‍ കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *