ഇനി വണ്ടിയിലിരുന്ന് സിനിമ കാണാം. രാജ്യത്തെ ആദ്യ റൂഫ് ടോപ് ഓപ്പണ്‍ എയര്‍ ഡ്രൈവ് ഇന്‍ തിയേറ്റര്‍ മുംബൈയില്‍ തുറന്നു.റിലയന്‍സ് റീട്ടെയിലുമായി സഹകരിച്ച് മുംബൈയിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് തിയേറ്റര്തുറന്നത്. ഏകദേശം 290 വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഡ്രൈവ് ഇന്‍ തിയേറ്ററിനെ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള ചുമതല പി വി ആര് ലിമിറ്റഡിനാണ് .
കൊവിഡ് കാരണം വീടുകളില്‍ ഒതുങ്ങിക്കൂടിയ ശേഷം വീണ്ടും വലിയ സ്ക്രീന്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡ്രൈവ് ഇന്‍ തിയേറ്റര്‍ താരതമ്യേന സുരക്ഷിതമായ തുറന്ന ഇടമായിരിക്കുമെന്ന് ജിയോ വേള്‍ഡ് ഡ്രൈവ് സിഇഒ ദര്ശന് മേത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ അടുത്തിടെ ആരംഭിച്ച റീട്ടെയില്‍ ഹബ്ബായ ജിയോ വേള്‍ഡ് ഡ്രൈവിലാണ് തിയേറ്റർ. തിയേറ്ററിലെ സ്ക്രീനിന് 24 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുണ്ട്. കാറിലെ എഫ്എം സംവിധാനം വഴിയാണ് ശബ്ദം കേള്‍ക്കുക. 200 രൂപയാണ് ഒരു കാറിന്റെ ടിക്കറ്റ് നിരക്ക്. ഒരു വാഹനത്തില്‍ നാലുപേരെ മാത്രമേ അനുവദിക്കൂ. രണ്ട് ഡോസ് കോവിഡ് വാക്സിന് സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി.
അക്ഷയ് കുമാര്‍, കത്രീന കൈഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായ സൂര്യവംശിയാണ് ജിയോ ഡ്രൈവ് ഇന്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം.
