തിരുവനന്തപുരം: നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. പാലോട് സ്വദേശി ഇന്ദുജ(25)യെയാണു കഴിഞ്ഞ ദിവസം ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണു ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഭര്‍തൃവീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കിടപ്പുമുറിയിലാണു യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഭിജിത്തിനും അമ്മയ്ക്കുമെതിരെ ഇന്ദുജയുടെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിക്കു ഭര്‍തൃവീട്ടില്‍നിന്ന് ഭീഷണിയും മാനസിക പീഡനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് കുടുംബം പരാതിയില്‍ ആരോപിക്കുന്നു. വിവാഹശേഷം ഇന്ദുജയെ ഭര്‍തൃവീട്ടില്‍ ചെന്ന് കാണാന്‍ തങ്ങളെ അനുവദിച്ചിരുന്നില്ല. ഇന്ദുജ തന്നെ ഇത് പല ദിവസങ്ങളില്‍ ഫോണ്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. മരണത്തിനു പിന്നില്‍ അഭിജിത്തിനും മാതാവിനും പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നും ഇന്ദുജയുടെ പിതാവ് ശശിധരന്‍ കാണി പാലോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നാലുമാസംമുന്‍പാണ് ഇന്ദുജയുടെയും അഭിജിത്തിനെയും വിവാഹം നടന്നത്. ഇന്ദുജയെ വീട്ടില്‍നിന്ന് ഇറക്കി കൊണ്ടുപോയി വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ദുജ പട്ടികവര്‍ഗക്കാരിയും അഭിജിത്ത് പട്ടികജാതി വിഭാഗക്കാരനുമാണ്. ജാതി മാറിയുള്ള വിവാഹത്തിന് അഭിജിത്തിന്റെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നുവെന്നാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. രണ്ടാഴ്ച മുമ്പ് സ്വന്തം വീട്ടിലെത്തിയ ഇന്ദുജയുടെ മുഖത്ത് മര്‍ദനമേറ്റതിന്റെ പാടുണ്ടായിരുന്നു. ഇന്ദുജയുടേത് ആത്മഹത്യാണെന്ന് അംഗീകരിക്കാന്‍ അഭിജിത്തിന്റെ കുടുംബം തയാറായില്ലെന്നും മരണവിവരം അറിയിച്ചില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെണ് ഇന്ദുജയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് മടങ്ങിവന്ന അഭിജിത്ത് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെന്നാണ് പൊലീസില്‍ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *