മലപ്പുറം: ഹജ്ജ് തീർത്ഥാടന സമയത്തു തീർത്ഥാടത്തിനാവശ്യമായ തുക തീർത്ഥാടകർ സ്വയം കരുതേണ്ടി വരും. ഹാജിമാരുടെ കൈയ്യിൽ പണം കരുതാനുളള രീതി ഇനിയുണ്ടാവില്ലെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു. വർഷങ്ങളായി 2100 റിയാലാണ് ഹാജിമാരുടെ കൈയിൽ കരുതാനായി യാത്രയ്ക്ക് തൊട്ട് മുമ്പ് വിമാനത്താവളങ്ങളിൽ നിന്നും വിതരണം ചെയ്തിരുന്നത്. തീർത്ഥാടകർ അടച്ച തുകയിൽ നിന്നാണ് ഈ പണം നൽകാറുള്ളത്. എന്നാൽ ഇപ്പോൾ ഈ രീതിക്ക് മാറ്റം വരുത്തി തീർത്ഥാടകർ ത്‌ന്നെ പണം കൈവശം കരുതണം എന്ന തീരുമാനമാണ് അധികൃതർ കൈക്കൊണ്ടിരിക്കുന്നത്.

റിയാലായി മാറ്റുന്നതിന് കുറഞ്ഞ നിരക്കിൽ ടെൻഡർ ക്ഷണിച്ചാണ് തുക അനുവദിക്കാറുള്ളത്. യാത്രാ വേളയിൽ ഹാജിമാർ അധികമായി വാങ്ങുന്ന റിയാലിന്റെ നിരക്കുമായി വൻ വ്യത്യാസം ഈ തുകയിലുണ്ടാകാറുണ്ട്. അതേസമയം ഹജ്ജിന് പോകുന്നവർ ചെലവിനുള്ള പണം സ്വയം കൈവശം വെക്കുന്ന രീതി മുമ്പുണ്ടായിരുന്നു. എന്നാൽ പലരും പൈസയില്ലാതെ പ്രയാസപ്പെടുന്ന സാഹചര്യമുണ്ടായതിനെ തുടർന്നാണ് തീർത്ഥാടകരിൽ നിന്നും നേരത്തേ പണം വാങ്ങി വെക്കാൻ തീരുമാനിച്ചത്. തുടർന്ന് പണം റിയാലാക്കി മാറ്റി എല്ലാവർക്കുമായി നൽകാൻ ഹജ്ജ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

പുതിയ തീരുമാനപ്രകാരം ഹജ്ജിന്റെ യാത്രാ ചെലവിന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് നൽകേണ്ട തുകയിൽ കുറവ് വരുമെങ്കിലും തീർത്ഥാടകർക്ക് ഗുണകരമായേക്കില്ല. യാത്രാ ചെലവ് കുറച്ചെന്ന് വരുത്താനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും ആരോപണമുണ്ട്. എന്നാൽ യാത്രക്കാവശ്യമായ തുക കൈവശം കരുതേണ്ടി വരുമെന്നതിനാൽ ചെലവിൽ കുറവൊന്നും ഉണ്ടാവില്ലെന്നും വാദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *