
അലാസ്‌കയിൽ നിന്ന് കാണാതായ അമേരിക്കൻ വിമാനം തകർന്ന നിലയിൽ കണ്ടെത്തി. കടൽ മഞ്ഞുപാളികളിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയത്. വിമാനത്തിൽ ഉണ്ടായ 10 പേരും മരിച്ചതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 25 വർഷത്തിനിടെ അലാസ്‌കയിൽ ഉണ്ടായ ഏറ്റവും മാരകമായ വിമാനദുരന്തം ആണിത്.ബെറിങ് എയർ സർവീസിന്‍റെ സെസ്‌ന 208B ഗ്രാൻഡ് കാരവൻ എന്ന വിമാനമാണ് വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ കാണാതായത്. ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോകുന്നതിനിടെ വഴിമധ്യേ അലാസ്‌കയിൽ നിന്ന് വിമാനം അപ്രത്യക്ഷമാവുകയായിരുന്നു. വിമാനം പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ഉദ്യോഗസ്ഥർക്ക് അതുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ബെറിംഗ് എയറിന്റെ ഓപ്പറേഷൻസ് ഡയറക്ടർ ഡേവിഡ് ഓൾസൺ പറഞ്ഞിരുന്നു. നോമിന്റെ തീരത്ത് ടോപ്‌കോക്കിനു സമീപത്തുവച്ചാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്.ഒൻപത് യാത്രക്കാരും ഒരു പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നത്. നോമിൽ നിന്ന് ഏകദേശം 34 മൈൽ (54 കിലോമീറ്റർ) തെക്കുകിഴക്കായാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.കഴിഞ്ഞ മൂന്നാഴ്ചക്കിടെ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ വിമാനാപകടമാണിത്. ജനുവരി 29 ന് വാഷിങ്ടണിന് സമീപം വിമാനവും സൈനിക ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ജനുവരി 31 ന് ഫിലാഡൽഫിയയിൽ ഒരു മെഡിക്കൽ ഗതാഗത വിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരും പുറത്തുള്ള മറ്റൊരാളും മരിച്ചു.