കെപിസിസി പ്രസിഡന്റിന്റെ പേരില്‍ വ്യാജ കത്ത് പ്രചരിപ്പിച്ച കേസില്‍ കെ.സുധാകരന്റെ സഹോദരീ പുത്രനെ അജിത്തിനെ ചോദ്യം ചെയ്തു. സണ്ണി ജോസഫ് നല്‍കിയ പരാതിയില്‍ സൈബര്‍ പൊലീസാണ് ചോദ്യം ചെയ്തത്. ആലക്കോട് സൈബര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ സീറ്റുമായി ബന്ധപ്പെട്ട് കെപിസിസിയുടെ ലെറ്റര്‍ഹെഡില്‍ വ്യാജവാര്‍ത്ത സൃഷ്ടിച്ച് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സണ്ണി ജോസഫ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവിക്കും കളക്ടര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന തരത്തില്‍ ഒരു കത്തും താന്‍ തയ്യാറാക്കുകയോ എഐസിസി അധ്യക്ഷന് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് തന്റെ ഒപ്പ് കൃത്രിമമായി സൃഷ്ടിച്ചാണ് ഈ വ്യാജകത്ത് തയ്യാറാക്കിയിരിക്കുന്നതെന്നും പരാതിയില്‍ സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. സമൂഹമാധ്യമ പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലനില്‍ക്കെയാണ് തന്റെ പേരില്‍ ഇത്തരത്തില്‍ ഒരു വ്യാജ പ്രചരണം നടക്കുന്നത്. എന്നാല്‍ കത്ത് വ്യാജമല്ലെന്നാണ് മനസിലാക്കുന്നതെന്ന് സുധാകരനും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *