അപ്രതീക്ഷിതമായ ആശയക്കുഴപ്പങ്ങളാണ് കോണ്‍ഗ്രസിനകത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോവുകയും ബിജെപിക്ക് വേണ്ടി ചാലക്കുടിയില്‍ മത്സരിക്കുകയും ചെയ്യുമെന്നായതോടെ തൃശൂരില്‍ കെ മുരളീധരനെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു കോണ്‍ഗ്രസ്.ഇതോടെ തൃശൂരില്‍ മത്സരചിത്രത്തില്‍ നിന്ന് ടി എൻ പ്രതാപൻ പിൻവാങ്ങി. വടകരയില്‍ മത്സരിക്കാനിരുന്ന മുരളീധരൻ തൃശൂരിലേക്ക് മാറുന്നതോടെ വടകരയിലേക്ക് ഷാഫി പറമ്പിലിനെ കൊണ്ടുവരാനും പാര്‍ട്ടി തീരുമാനിച്ചു.എന്നാലീ സ്ഥാനാര്‍ത്ഥിത്വ മാറ്റങ്ങളില്‍ കെ മുരളീധരനും ഷാഫി പറമ്പിലിനും ഒരുപോലെ അതൃപ്തിയാണുള്ളത്. കെ മുരളീധരന് അതൃപ്തിയുള്ളതായി നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. എങ്കിലും എവിടയെും മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പാലക്കാട് വിടാൻ മനസില്ലാത്തതിനാല്‍ പാര്‍ട്ടി തീരുമാനത്തില്‍ ഷാഫി പറമ്പിലും അതൃപ്തനാണെന്ന വാര്‍ത്തയാണ് വരുന്നത്. പാലക്കാട് വിടുകയെന്നതിലാണ് അതൃപ്തി, എന്നാല്‍ പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കും എന്നതാണ് നിലപാട്. നിലവില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്യുന്നതിനായി ദില്ലിയില്‍ കെ സി വേണുഗോപാലിന്‍റെ വസതിയില്‍ സംസ്ഥാന നേതാക്കളുടെ യോഗം നടക്കുകയാണ്. എന്തായാലും ഈ യോഗത്തിന് ശേഷം ഔദ്യോഗികമായ തീരുമാനം പാര്‍ട്ടി അറിയിക്കുമെന്നാണ് കരുതുന്നത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ വന്ന പുതിയ മാറ്റങ്ങള്‍ എല്ലാ അതൃപ്തിക്കും മുകളില്‍ അങ്ങനെ തന്നെ മുന്നോട്ടുപോകുമെന്ന് തന്നെയാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *