കോട്ടയം: ഏറ്റുമാനൂരില്‍ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പൊലീസ്. റെയില്‍വേ ട്രാക്കിലും വീട്ടിലും നടത്തിയ പരിശോധനയിലും ഫോണ്‍ കണ്ടെത്താനായില്ല. മരിക്കുന്നതിന് തലേ ദിവസം ഭര്‍ത്താവ് നോബിയുമായി ഷൈനി ഫോണില്‍ സംസാരിച്ചിരുന്നു.
ഫോണ്‍ സംഭാഷണത്തില്‍ പ്രകോപനപരമായാണ് നോബി സംസാരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷൈനി സ്വന്തം വീട്ടില്‍ മാനസിക സമ്മര്‍ദം നേരിട്ടോയെന്നും പൊലിസ് അന്വേഷിക്കും. ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മര്‍ദമാണെന്ന് വെളിവാക്കുന്ന ശബ്ദസന്ദേശം ഈയിടെ പുറത്തുവന്നിരുന്നു. പല തവണ ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തതില്‍ മനോവിഷമത്തിലാക്കി. ഒരുപാട് അന്വേഷിച്ചിട്ടും നാട്ടില്‍ ജോലി കിട്ടുന്നില്ല. മക്കളെ ഹോസ്റ്റലില്‍ നിര്‍ത്തിയിട്ട് എവിടേലും ജോലിക്ക് പോകണം. വിദേശത്തേക്ക് പോകണമെങ്കിലും എക്‌സിപീരിയന്‍സ് വേണം. വിവാഹ മോചനത്തിന് ഭര്‍ത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നു.