ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് എ എ റഹീം എംപി. കോണ്‍ഗ്രസിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാർട്ടി സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ച വാര്‍ത്താസമ്മേളനത്തില്‍ കെ വി തോമസ് പറഞ്ഞ വാക്കുകള്‍ പറഞ്ഞാണ് എ എ റഹീമിന്റെ പ്രതികരണം
മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളജ് അധ്യാപകനാകുന്നു, പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു. ‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ’ എന്ന തന്റെ കൂടെയുള്ളവരുടെ മാനസികാവസ്ഥയെ കുറിച്ചാണ് കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞതെന്ന് എ എ റഹീം ഫേസ് ബുക്കില്‍ കുറിച്ചു.

“എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു…
അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്.”
വൈകാരികമായി
ശ്രീ കെ വി തോമസ് ഇന്നലെ പറഞ്ഞ വാക്കുകളാണിത്.
ജാതി അധിക്ഷേപം ബിജെപിയെപ്പോലെ കോൺഗ്രസ്സ് ശീലമാക്കിയിരിക്കുന്നു.
കേരളത്തിന്റെ സർവ്വാദരണീയനായ മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകൻ’
എന്ന് വിളിച്ചു ആക്ഷേപിക്കാൻ ശ്രമിച്ചതും
ഇതേ കോൺഗ്രസാണ്.
ചെത്തുകാരന്റെ മകൻ ചെത്താൻ പോകണമെന്നും ഞങ്ങളെ ഭരിക്കേണ്ടതില്ലെന്നുമാണ് കോൺഗ്രസ്സ് ബോധം.
മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും വന്ന ഒരാൾ മീൻ പിടിക്കാൻ പോകേണ്ടതിന് പകരം കോളേജ് അധ്യാപകനാകുന്നു,
പലതവണ ജനപ്രതിനിധിയും മന്ത്രിയുമാകുന്നു…
‘ഇവനൊക്കെ ഇത്രയൊക്കെ ആയത് പോരെ…’
തന്റെ കൂടെയുള്ളവരുടെ ഈ മാനസികാവസ്ഥയെ കുറിച്ചാണ് ശ്രീ കെ വി തോമസ് ഇന്നലെ നെഞ്ചുപൊട്ടി പറഞ്ഞത്.
മുഖ്യമന്ത്രിയെ രാഷ്ട്രീയമായി നേരിടാനും,
കെ വി തോമസിനെ,
രാജ്യത്തിന്റെ ഭാവിയെക്കുറിച്ചു
ചർച്ചചെയ്യുന്ന ഒരു സെമിനാറിൽ നിന്ന്
എന്തിന് വിലക്കുന്നു എന്ന് യുക്തിസഹമായി വിശദീകരിക്കാനും കഴിയാതെവരുമ്പോൾ,
ജാതിയും കുലവും പറഞ്ഞു അധിക്ഷേപിക്കുന്ന കോൺഗ്രസ്സ് സംസ്കാരത്തിന് പുരോഗമന കേരളം മറുപടി നൽകും.

Leave a Reply

Your email address will not be published. Required fields are marked *