ഡിആർഡിഒ വികസിപ്പിച്ച മരുന്ന് ​അടിയന്തര ഘട്ടങ്ങളിൽ കോവിഡ് രോ​ഗികളിൽ ഉപയോ​ഗിക്കാമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. കേന്ദ്ര പ്രതിരോധ ഗവേഷണ കേന്ദ്രം (ഡി.ആർ.ഡി.ഒ) വികസിപ്പിച്ച കോവിഡ് മരുന്നിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. കോവിഡ് രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ അനുകൂല ഫലം ലഭിച്ചതിന് പിന്നാലെയാണ് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) മരുന്നിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകിയത്. 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) എന്ന മരുന്നിനാണ് അം​ഗീകാരം നൽകിയത്. ഡിആർഡിഒ (ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർ​ഗനൈസേഷൻ)യും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസും (ഐ‌എൻ‌എം‌എസ്) ഹൈദരാബാദിലെ ഡോ റെഡ്ഡീസ് ലാബുമായി സഹകരിച്ച് വികസിപ്പിച്ച മരുന്നാണ് ഇത്.

രോഗികൾ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും കൂടുതൽ വേഗത്തിൽ രോഗമുക്തി നേടാനും മരുന്ന് സഹായിക്കുമെന്നാണ് ക്ലിനിക്കൽ പരിശോധനാഫലങ്ങൾ. ജനറിക് തന്മാത്രയും അനലോഗും ആയതിനാൽ ഈ മരുന്ന് വളരെ എളുപ്പത്തിൽ ഉൽപാദിപ്പിക്കാനും വലിയ അളവിൽ ലഭ്യമാക്കാനും കഴിയുമെന്ന് ഡിആർഡിഒ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു. “ഫലപ്രാപ്തി പരിശോധിക്കുമ്പോൾ 2-ഡിജി നൽകിയ രോ​ഗികളിൽ വേ​ഗത്തിൽ രോ​ഗമുക്തിയും ലക്ഷണങ്ങൾ ഇല്ലാതാകുന്നതും കണ്ടു. പൊടി രൂപത്തിൽ ഉള്ളതാണ് ഈ മരുന്ന്. ഇത് വെള്ളത്തിൽ ലയിപ്പിച്ചാണ് കഴിക്കുന്നത്. ഇത് വൈറസ് ബാധിച്ച കോശങ്ങളിൽ അടിഞ്ഞുകൂടി വൈറസ് വളർച്ചയെ തടയുന്നു”, ഡിആർഡിഒ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ വർഷം ഏപ്രിലിൽ ഇൻ‌മാസ്-ഡി‌ആർ‌ഡി‌ഒ ശാസ്ത്രജ്ഞർ ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി (സിസിഎംബി)യുടെ സഹായത്തോടെ ലബോറട്ടറി പരീക്ഷണങ്ങൾ നടത്തി ഈ തന്മാത്ര SARS-CoV-2 വൈറസിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നുമെന്നും വൈറൽ വളർച്ചയെ തടയുമെന്നും കണ്ടെത്തി. ഈ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഡിസിജിഐ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌കോ) 2020 മെയിൽ കോവിഡ് രോഗികളിൽ 2-ഡിജിയുടെ രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി നൽകി. മരുന്നിന്റെ അളവ് സഹിതം കഴിഞ്ഞ വർഷം മെയ് മുതൽ ഒക്ടോബർ വരെ നടത്തിയ രണ്ടാം ഘട്ട പരീക്ഷണങ്ങളിൽ ഇത് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *