കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ- സ്റ്റീൽ കോംപ്ളക്സ്, ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് സർവ്വീസിന് കൈമാറണമെന്ന നാഷണൽ കമ്പനി ട്രിബ്യൂണൽ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർക്കാർ നിശ്ചയിച്ച പാട്ട വ്യവസ്ഥക്ക് വിരുദ്ധമായും സംസ്ഥാന സർക്കാരിനെ കേൾക്കാതെയുമാണ് ട്രിബ്യൂണൽ വിധിയെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീൽ നൽകുകയെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലയിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സ്റ്റീൽ കോംപ്ളക്സ് ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമാണ് കൈമാറാൻ ട്രിബ്യൂണൽ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.ഇക്കഴിഞ്ഞ മെയ് 2 നാണ് കമ്പനി ട്രിബ്യൂണലിൻ്റെ ഉത്തരവുണ്ടായത്. കാനറാ ബാങ്കിൽ നിന്ന് 2013 ൽ യു.ഡി.എഫ് ഭരണകാലത്ത് സ്ഥാപനമെടുത്ത 45 കോടി രൂപയുടെ വായ്പാതിരിച്ചടവിൽ വീഴ്ചയുണ്ടായെന്ന് സൂചിപ്പിച്ചാണ്, ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് ലിമിറ്റഡ് സമർപ്പിച്ച റെസല്യൂഷൻ പദ്ധതിയനുസരിച്ച് കമ്പനി കൈമാറാൻ ഉത്തരവിട്ടത്. വായ്പാ തിരിച്ചടവിൽ വീഴ്ചവന്നതായി ആരോപിച്ച് ബാങ്ക് എൻ.സി.എൽ.ടി യെ സമീപിച്ചു. ഇതേത്തുടർന്നാണ് ഉത്തരവുണ്ടായത്. 2014ൽ ഭാഗികമായി കമ്പനിയുടെ പ്രവർത്തനം നിലച്ചു. 2016 ഡിസംബർ മുതൽ കമ്പനി പൂർണ്ണമായും പ്രവർത്തനം നിലച്ചിരിക്കുകയാണ്.സംസ്ഥാനസർക്കാർ നിശ്ചയിച്ച വ്യവസ്ഥകൾ പാലിക്കാതെയാണ് സ്റ്റീൽ കോംപ്ളക്സിൻ്റെ ഭൂമി കടബാധ്യതയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാന സർക്കാരിനെ വേണ്ട വിധം കേൾക്കാതെയുമാണ് ഉത്തരവുണ്ടായത്. ട്രിബ്യൂണലിന് മുമ്പാകെ കേസ് എത്തുന്നതിന് മുൻപ് തന്നെ പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ ഇടപെട്ടിരുന്നു. വ്യവസായ മന്ത്രി പി.രാജീവ്, പ്രശ്നപരിഹാരത്തിന് കാനറാ ബാങ്കുമായി മൂന്ന് തവണ യോഗം ചേർന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പരിഗണിക്കാമെന്ന് ബാങ്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനിടയിൽ ബാധ്യതയുടെ ചെറിയ ഭാഗം മാത്രം തിരിച്ചു കിട്ടുന്ന റെസല്യൂഷൻ പ്ളാൻ ബാങ്ക് അംഗീകരിച്ചത് ദുരൂഹമാണ്. മറ്റ് നടപടികളും പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉത്തരവുണ്ടായത്. സംയുക്ത സംരംഭം എന്ന നിലയിൽ സ്ഥാപനത്തെ സംരക്ഷിക്കാൻ കേന്ദ്ര സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും വേണ്ടത്ര താൽപര്യം കാണിച്ചില്ല. ഈ സർക്കാർ ചുമതലയേറ്റ ശേഷം സ്റ്റീൽ അതോറിറ്റി ചെയർമാനുമായി ഇക്കാര്യം സംസാരിച്ചിരുന്നു. സംയുക്ത സംരംഭത്തിൽ നിന്ന് പിൻമാറുകയാണെന്നാണ് സെയിൽ അറിയിച്ചത്. കമ്പനി പുനരുദ്ധാരണത്തിനുള്ള പദ്ധതി ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നൽകിയത് കേരളത്തിൽ ചന്ദ്രിക പത്രത്തിൽ മാത്രമായിരുന്നു എന്നതും ഇക്കാര്യത്തിൽ സംശയം ഉളവാക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ അപ്പീൽ നൽകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *