പിണറായി വിജയനെ ‘നനഞ്ഞ കോഴി’ എന്ന് പരിഹസിച്ച ജി. സുധാകരൻ എംഎൽഎയ്ക്ക് എതിരെ കടുത്ത ഭാഷയിൽ തിരിച്ചടിച്ച് എച്ച് സലാം. ജി സുധാകരൻ ഒരു രാഷ്ട്രീയ കോമാളിയായി മാറിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ എച്ച് സലാം തുറന്നടിച്ചു. താനൊഴികെ നാട്ടിൽ വേറെയാർക്കും ഒരു വിവരവുമില്ലെന്നാണ് സുധാകരന്റെ വിചാരമെന്നും, പാർട്ടിയെയും നേതാക്കളെയും നിരന്തരം അധിക്ഷേപിക്കുമ്പോഴും തങ്ങൾ കാണിക്കുന്ന ക്ഷമ ദൗർബല്യമായി കാണരുതെന്നും സലാം മുന്നറിയിപ്പ് നൽകി. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന കോമാളിയായി ജി സുധാകരൻ അധഃപതിച്ചുവെന്ന് എച്ച് സലാം ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ്റെ ചെരുപ്പിൻ്റെ വാറഴിക്കാൻ സുധാകരന് യോഗ്യതയില്ലെന്നും സലാം വിമർശിച്ചു.

പിണറായി വിജയൻ എന്ന മനുഷ്യന്റെ കാരുണ്യം ഒന്നുമാത്രമാണ് ജി. സുധാകരന്റെ അഴിമതിവിരുദ്ധ മുഖംമൂടി കീറിപ്പോകാതെ കാത്തതെന്ന സത്യം സുധാകരൻ മറക്കരുതെന്നും സലാം ഫേസ്ബുക്കിൽ കുറിച്ചു. സുധാകരന് എതിരെ ഗുരുതരമായ സാമ്പത്തിക, വ്യക്തിപരമായ ആരോപണങ്ങളാണ് എച്ച്. സലാം ഉന്നയിച്ചിരിക്കുന്നത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പോലുമല്ലാതിരുന്നിട്ടും ജി. സുധാകരൻ എന്തിനാണ് പണം പിരിച്ചത്? അന്ന് താങ്കൾ പിരിച്ചെടുത്ത പണത്തിന്റെ കണക്ക് പരസ്യപ്പെടുത്താൻ തയ്യാറാകണം. ആരിൽനിന്നൊക്കെ എത്ര ലക്ഷങ്ങൾ പിരിച്ചുവെന്ന് വെളിപ്പെടുത്താൻ ധൈര്യമുണ്ടോ. താങ്കൾക്കും വീട്ടിലെ രണ്ടു മൂന്ന് പേർക്കും മാത്രം അറിയാവുന്ന പല രഹസ്യങ്ങളും ഇന്ന് പൊതുസമൂഹത്തിന് മുന്നിൽ പരസ്യമാണെന്ന കാര്യം മറക്കേണ്ടെന്നും സലാം ഓർമ്മിപ്പിച്ചു.

എല്‍ഡിഎഫിന്റെ മുന്‍ വനിതാ ചെയര്‍പേഴ്‌സണെ ‘ഒരുത്തി’ എന്ന് സുധാകരൻ അധിക്ഷേപിച്ചതിനെതിരെയും സലാം ശക്തമായി പ്രതികരിച്ചു. താങ്കളുടെ വീട്ടിലെ സ്ത്രീയെയും ‘ഒരുത്തി’ എന്നാണോ വിളിക്കുന്നത്. മുൻപ് ഷാനിമോൾ ഉസ്മാനെയും, ഉഷാ സാലിയെയും, സി.എസ്. സുജാതയെയും ഇതേപോലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി സുധാകരൻ അധിക്ഷേപിച്ചിട്ടുണ്ട്. കൊല്ലത്തുനിന്ന് നിങ്ങളെ ആലപ്പുഴയ്ക്ക് പാർട്ടി കടത്തിയതിന്റെ കാരണം ഞങ്ങളെക്കൊണ്ട് പറയിക്കരുത്. നാട്ടിൽ ഒരു കുപ്പി കള്ള് വാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന ചിലരെ കാണാൻ പറ്റുമെന്നും, സുധാകരന്റെ ഈ കോമാളിത്തരം കാണുമ്പോൾ ജനങ്ങൾക്ക് അതാണ് ഓർമ്മ വരുന്നതെന്നും സലാം പരിഹസിച്ചു.

കഴിഞ്ഞ ദിവസം നിയമസഭയിലെ സിപിഐഎം നേതാക്കളെ ജി. സുധാകരൻ പരിഹസിച്ചിരുന്നു. സ്വന്തം എം.എ.ൽ.എ ഓഫീസിന്റെ ഉദ്ഘാടന വേളയിൽ പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയെപ്പോലെയാണെന്നും അടുത്തകാലത്തൊന്നും സി.പി.ഐ.എം നന്നാകാൻ പോകുന്നില്ലെന്നും ജി. സുധാകരൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സുധാകരന് എതിരെ കടുത്ത മറുപടിയുമായി എച്ച്. സലാം രംഗത്തെത്തിയത്.

വി.ഡി. സതീശനെതിരെ പറയാൻ ഒരു നേതാക്കൾക്കും കഴിയുന്നില്ല. സഭയിൽ നിന്ന് എഴുന്നേറ്റ് പറയാൻ ആരെങ്കിലും വേണ്ടേയെന്നും തോമസ് ഐസക് ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ പറഞ്ഞേനെ എന്നും, സുധാകരൻ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *