തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിനൊടുവില്‍ തന്റെ സഹോദരീ ഭര്‍ത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്. ബെന്നി തോമസിന്റെ നിയമനത്തില്‍ യാതൊരുവിധ നിയമ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, കൂടുതല്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍, മുഖ്യമന്ത്രി ആവശ്യപ്പെട്ടതു പ്രകാരമാണോ ബെന്നി തോമസ് രാജിവെച്ചതെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് വ്യക്തമായ മറുപടി നല്‍കാതെ മന്ത്രി ഒഴിഞ്ഞുമാറി.
ബെന്നി തോമസിനെപ്പോലെ പ്രാഗത്ഭ്യമുള്ള ഒരാളെ തന്റെ വകുപ്പില്‍ ആവശ്യമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബെന്നി തോമസിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും നിയമപരമായി യാതൊരു തടസ്സവും അതിനുണ്ടായിരുന്നില്ലെന്നും മന്ത്രി സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു പറഞ്ഞു. രാജി ബെന്നി തോമസ് വ്യക്തിപരമായി എടുത്ത തീരുമാനമാണെന്നും ബെന്നി തോമസ് ആരാണെന്ന് പേരാവൂരില്‍ പോയി അന്വേഷിച്ചാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുവെന്ന പേരിലായിരുന്നില്ല നിയമനമെന്നും അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തിയാണ് നിയമനം നല്‍കിയതെന്നും മന്ത്രി സൂചിപ്പിച്ചു. ഇന്നലെയാണ് നിയമനം വിവാദമായതിന് പിന്നാലെ ബെന്നി തോമസ്, സണ്ണി ജോസഫിന്റെ പേഴ്സണല്‍ സ്റ്റാഫിലെ ജോലി രാജിവെച്ചത്.
