കോഴിക്കോട് : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസിലെ ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്‌ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്‍. ശനിയാഴ്ചയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്. ബ്ലോക്ക് കമ്മറ്റി അംഗമായി തുടരും. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എസ് ഐ ടി അന്വേഷണം തുടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭാരവാഹിത്വം ഒഴിഞ്ഞത്.

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആരുണ്ടാക്കിയെന്നതുമായി ബന്ധപ്പെട്ട കേസില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ റിബേഷ് രാമകൃഷ്ണന്‍, മനീഷ്, അതുല്‍ എന്നിവരെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. വടകര ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. റെഡ് വളന്റിയേഴ്‌സ് ബറ്റാലിയന്‍ വാട്‌സ്പ് ഗ്രൂപ്പ് അംഗങ്ങളാണ് അതുലും മനീഷും.

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച ഈ കേസില്‍, തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് മുന്‍പ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് വീണ്ടും സജീവമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *