ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയെ വെടിവച്ച അക്രമിയെ തിരിച്ചറിഞ്ഞു. 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷാ സേനാംഗങ്ങള്‍ പിടികൂടിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ജപ്പാന്‍ നാവികസേന മുന്‍ അംഗമാണ് ആക്രമി.

നാര മേഖലയില്‍ വസിക്കുന്നയാളാണ് യമഗാമി. പ്രസംഗവേദിയില്‍ നിന്നിരുന്ന ആബെയുടെ പത്തടി മാറിയാണ് അക്രമി നിന്നിരുന്നത്. പ്രസംഗിക്കുന്നതിനിടെ ഷിന്‍സോയുടെ പിന്നില്‍ നിന്നും യമഗാമി വെടിവെക്കുകയായിരുന്നു. രണ്ട് തവണ വെടിവെച്ചു. ആബെയുടെ നെഞ്ചിലാണ് വെടിയേറ്റത്. വളരെ അടുത്ത് നിന്ന് വെടിയുതിര്‍ത്തതിനാലാണ് ആബെയുടെ പരിക്ക് ഗുരുതരമായതെന്നാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ ജപ്പാന്‍ സമയം 11.30ഓടെയായിരുന്നു ആക്രമണമുണ്ടായത്.

ഷോര്‍ട്ട്ഗണ്‍ ഉപയോഗിച്ചാണ് യമഗാമി ആക്രമിച്ചതെന്നും വെടിവെച്ചതിന് ശേഷവും ഇയാള്‍ കൂസലില്ലാതെ നില്‍ക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികളുടെ പ്രതികരണം. ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് യമഗാമി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ആബെയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും ഹൃദയാഘാതം സംഭവിച്ചതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി ജാപ്പനീസ് പ്രധാനമന്ത്രി ടോക്കിയോയിലേക്ക് തിരിച്ചു. ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡറെ വിളിക്കുകയും കാര്യങ്ങള്‍ തിരക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *