യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃക്യാമ്പായ ചിന്തന്‍ശിബിറിനിടെ പീഡനം നടന്നുവെന്ന് പെണ്‍കുട്ടിക്ക് പരാതി ഉണ്ടെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പെണ്‍കുട്ടിക്ക് അത്തരമൊരു പരാതി ഉണ്ടെങ്കില്‍ അത് സംഘടനാ തലത്തില്‍ മാത്രം ഒതുക്കില്ല. രേഖാമൂലം പരാതി ലഭിച്ചാല്‍ പൊലീസിന് കൈമാറുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പില്‍ പങ്കെടുത്ത പെണ്‍കുട്ടികളോട് സംസാരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തോട് നിര്‍ദേശിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. വാട്സ് ആപ്പില്‍ പ്രചരിക്കുന്ന പരാതി പകര്‍പ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകള്‍ക്ക് എതിരായ കാര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. ആരേയും സംരക്ഷിക്കില്ല. ഇപ്പോള്‍ പരാതി പറഞ്ഞ പെണ്‍കുട്ടിക്ക് പുറമെ ആര്‍ക്കെങ്കിലും നോക്കുകൊണ്ടോ വാക്കുകൊണ്ടോ എന്തെങ്കിലും അപമാനമായി തോന്നിയിട്ടുണ്ടെങ്കില്‍ അവരും പരാതി ഉന്നയിക്കണം. പരാതി പറയാന്‍ ആരും മടിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൂടാതെ, സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം കൂടി രാജിവെക്കുന്നതാണ് ഉചിതമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. പറഞ്ഞുപോയത് തെറ്റാണെന്ന് അംഗീകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അങ്ങനെയൊരാള്‍ എം.എല്‍.എ സ്ഥാനത്തിരിക്കുന്നത് ശരിയല്ലെന്ന് വി.ഡി സതീശന്‍ വ്യക്തമാക്കി. വിഷയത്തില്‍ സി.പി.എം മിണ്ടുന്നില്ല. എന്താണ് നിലപാടെന്ന് പറയണം. മന്ത്രി സ്ഥാനം രാജിവെച്ചിട്ട് പോലും മുഖ്യമന്ത്രി ഒരു വാചകം പോലും പറയാന്‍ തയ്യാറായിട്ടില്ല. നിലപാട് പറഞ്ഞില്ലെങ്കില്‍ സിപിഎം നിലപാട് ഇങ്ങനെയാണ് എന്ന രീതിയില്‍ കോണ്‍ഗ്രസ് ക്യാമ്പയിന്‍ നടത്തുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *