തിരുവനന്തപുരം: കേരളത്തിലെ കുടിവെള്ള വിതരണരംഗത്ത് അദ്ഭുതകരമായ മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഞ്ച് വര്‍ഷം കൊണ്ട് നാലിലൊന്ന് തുക പോലും ചെലവഴിച്ചില്ലെന്നും പൈപ്പിലൂടെ വരുന്നത് ശുദ്ധജലമല്ല ശുദ്ധവായുവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയില്‍നിന്ന് വാക്കൗട്ട് നടത്തുന്നതിന് മുമ്പായി നടത്തിയ പ്രസംഗത്തിലാണ് വി.ഡി. സതീശന്റെ വിമര്‍ശനം.

44,715 കോടി രൂപയുടെ ജലജീവന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കുന്നത്. 5 വര്‍ഷം പൂര്‍ത്തിയായപ്പോള്‍, 9,410 കോടി മാത്രമാണ് രണ്ട് സര്‍ക്കാറുകളും കൂടി ചെലവഴിച്ചത്. പദ്ധതിയില്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ നാലിലൊന്നു പോലും ചെലവാക്കിയിട്ടില്ല. 9,410 കോടിയില്‍ സംസ്ഥാനവിഹിതമായ 4,748 കോടി മാത്രമാണ് ചെലവാക്കിയത്. 2024-25 ല്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത് 1949 കോടിയാണ്. അതിന് തത്തുല്യമായ തുക സംസ്ഥാന സര്‍ക്കാര്‍ വയ്ക്കണം. പക്ഷേ സംസ്ഥാന ബജറ്റില്‍ 550 കോടി മാത്രമാണ് നീക്കിവച്ചിരിക്കുന്നത്.

ജല സ്രോതസും ശുദ്ധീകരണശാലകളും പമ്പിങും ടാങ്കുകളും ഇല്ലാതെയാണ് 20 ലക്ഷം പേര്‍ക്ക് കണക്ഷന്‍ കൊടുത്തിട്ടുണ്ടെന്ന് പറയുന്നത്. വെള്ളം ഇല്ലാതെ കണക്ഷന്‍ കൊടുത്താല്‍ പൈപ്പിലൂടെ ശുദ്ധജലമല്ല, ശുദ്ധവായുവാണ് വരുന്നത്. പദ്ധതി പൂര്‍ത്തിയാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പതിനയ്യായിരം കോടി നല്‍കണം. രണ്ടു വര്‍ഷം കൊണ്ടാണ് തീര്‍ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഈ വര്‍ഷം മാത്രം 7500 കോടി നല്‍കണം. എന്നിട്ടാണ് 550 കോടി ബജറ്റില്‍ നീക്കി വച്ചത്. എന്ത് യുക്തിയും സാമ്പത്തിക മാനേജ്മെന്റുമാണിത് -പ്രതിപക്ഷ നേതാവ് ചോദിച്ചു.

55,000 കിലോ മീറ്റര്‍ റോഡ് നന്നാക്കാനുണ്ടെന്നാണ് മന്ത്രി സമ്മതിക്കുന്നത്. നിരന്തരമായി യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരമൊന്നുമില്ല. തദ്ദേശ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ട് കൊണ്ട് റോഡുകള്‍ നന്നാക്കുമെന്നാണ് ജലവിഭവ മന്ത്രി പറയുന്നത്. നാട്ടിലെ റോഡ് കുഴിച്ച് പൈപ്പ് ഇടാന്‍ പോകുമ്പോള്‍ റോഡ് റിപ്പയര്‍ ചെയ്യാനുള്ള കമ്പോണന്റ് ഇല്ലെങ്കില്‍ പിന്നെ അത് എന്ത് പ്രൊജക്ടാണ്. മൂന്ന് കൊല്ലം മുന്‍പ് റോഡ് കുഴിച്ചതിന്റെ പണം ഇനി വേണമെങ്കില്‍ തരാമെന്നാണ് മന്ത്രി പറയുന്നത്. കേരളം മുഴുവന്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണെന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *