അരൂർ: ആലപ്പുഴ അരൂരിലെ ശാന്തിഭൂമി പൊതുശ്മശാനത്തിലെ കൂറ്റൻ ഇരുമ്പ് പുകക്കുഴൽ സമീപത്തെ വീടിന് മുകളിലേക്ക് തകർന്നു വീണു. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടമുണ്ടായത്. ശ്മശാനത്തിന് തൊട്ടടുത്തുള്ള വേഴക്കാട്ട് തിലകന്റെ വാർക്ക വീടിന് മുകളിലെ ട്രസ് വർക്കിലേക്കാണ് പുകക്കുഴൽ പതിച്ചത്. ആർക്കും പരിക്കേൽക്കാത്തത് വലിയ ആശ്വാസമായി.

ഇരുമ്പിൽ നിർമ്മിച്ച ഏകദേശം 30 മീറ്റർ നീളമുള്ള കൂറ്റൻ പുകക്കുഴലാണ് ഒടിഞ്ഞുവീണത്. ഇതിന്റെ അടിഭാഗം ദ്രവിച്ച് പൂർണ്ണമായും ദുർബലമായ നിലയിലായിരുന്നു. ഇതാണ് ശക്തമായ കാറ്റിൽ തകർന്നു വീഴാൻ കാരണം. തകരാറുകൾ കാരണം കഴിഞ്ഞ രണ്ട് മാസത്തിലേറെയായി ഈ ശ്മശാനം പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. ശ്മശാനത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് മുന്നോടിയായി അടുത്തിടെ ഒരു വിദഗ്ധ സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ദ്രവിച്ചുപോയ പുകക്കുഴലും ചിമ്മിനിയും ഉൾപ്പെടെയുള്ളവ അപകടഭീഷണിയാണെന്നും ഇവ അടിയന്തരമായി മാറ്റിസ്ഥാപിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നതായാണ് വിവരം. വീടിന് മുകളിൽ വീണുകിടക്കുന്ന പുകക്കുഴൽ ക്രെയിൻ ഉപയോഗിച്ച് മുറിച്ചുമാറ്റി നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *