കൊച്ചി: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 10-ാം പ്രതിയായ നവാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ഒരു മാസത്തേക്കാണ് ജാമ്യം നൽകിയിരിക്കുന്നത്. പക്ഷാഘാതത്തെത്തുടർന്ന് ശരീരം തളർന്ന നിലയിലാണെന്ന മെഡിക്കൽ റിപ്പോർട്ട് കോടതി പരിഗണിക്കുകയായിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഒരു വർഷമായി ജയിലിൽ കഴിയുകയായിരുന്നു പ്രതി. ഈ കേസിലെ 15 പ്രതികൾക്കും വിചാരണക്കോടതി വധശിക്ഷയാണ് വിധിച്ചിരുന്നത്.
2021 ഡിസംബർ 19-ന് ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിൽ വെച്ചാണ് ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. കുടുംബാംഗങ്ങളുടെ മുന്നിലിട്ടായിരുന്നു ക്രൂരമായ കൊലപാതകം. തലേദിവസം രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമായാണ് ഈ കൊലപാതകം നടന്നത്. എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ എല്ലാ പ്രതികളും.
അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ആലപ്പുഴ ഡിവൈഎസ്പി എൻ.ആർ. ജയരാജാണ്. വിചാരണ വേളയിൽ 156 സാക്ഷികളെ വിസ്തരിക്കുകയും ആയിരത്തോളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. വിരലടയാളങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള റൂട്ട് മാപ്പുകൾ എന്നിവ നിർണ്ണായക തെളിവുകളായി. ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ 15 പേരെയും കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
