അങ്കാറ: ഇറാനുമായി വെടിനിര്‍ത്തലിലെത്തിയ ധാരണാപത്രം അവസാനിച്ചതായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനുമായുള്ള ഇടപാടുകള്‍ വെറും സമയല്‍ പാഴാക്കലാണെന്നും നാറ്റോ ഉച്ചകോടിയുടെ ഭാഗമായി തുര്‍ക്കിയയിലെ അങ്കാറയില്‍ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷ സാഹചര്യം ഉരുണ്ടുകൂടുന്നതിനിടെയാണ് ധാരണാപത്രം അവസാനിച്ചതായി ട്രംപിന്റെ പ്രസ്താവന.
കഴിഞ്ഞ രാത്രി ഇറാനെ ശക്തമായി ആക്രമിച്ചതായി ട്രംപ് പറഞ്ഞു. ‘നിങ്ങള്‍ എപ്പോള്‍ ആക്രമിച്ചാലും തിരിച്ചടിക്കുമെന്ന് ഞാന്‍ അവരോട് പറഞ്ഞതാണ്. അവര്‍ വൃത്തികെട്ടയാളുകളാണ്. എനിക്ക് ഇഷ്ടമല്ല. അവര്‍ ദുഷ്ടന്മാരാണ്. മാനസികനില തെറ്റിയവര്‍ നയിക്കുന്നിടത്തോളം ഇറാനുമായി ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ആ വിഷയം അവസാനിച്ചു കഴിഞ്ഞു. വിഷയം ഇറാനിലെ ആണവായുധ നിരായുധീകരണമാണ്. ഞങ്ങള്‍ ആ രാജ്യത്തെ ആണവമുക്തമാക്കാന്‍ പോകുകയാണ്. ആണവായുധം ഉണ്ടായിരുന്നേല്‍ ഇറാന്‍ അത് ഉപയോഗിച്ചേനെ.’ -ട്രംപ് പറഞ്ഞു. ഇറാനിലെ യുദ്ധത്തില്‍ സഹായം നല്‍കാന്‍ തയാറാകാത്ത നാറ്റോ രാജ്യങ്ങളുടെ നിലപാടിലും തനിക്ക് എതിര്‍പ്പുണ്ടെന്ന് ട്രംപ് പറഞ്ഞു.
