താമരശ്ശേരി : താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിയ സംഭവത്തില്‍ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ. കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരമല്ലെന്ന്‌ മെഡിക്കല്‍ കോളേജില്‍നിന്ന് വിവരം ലഭിച്ചിരുന്നുവെന്നും അതിന് ശേഷം സനൂപ് അസ്വസ്ഥനായിരുന്നുവെന്നും ഭാര്യ പറഞ്ഞു. ഇവരുടെ ഒമ്പതു വയസ്സുകാരിയായ മകള്‍ രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്നാണ് മരണമെന്നായിരുന്നു വിവരം.എന്നാല്‍, കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്‌കജ്വരം അല്ലെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ മകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞതായും സനൂപിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

കുട്ടിയുടെ മരണത്തിന്റെ യഥാര്‍ഥ കാരണം തേടി രണ്ടാഴ്ചയായി ഞങ്ങള്‍ ഓട്ടത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളേജില്‍നിന്ന് പോസ്റ്റുമോര്‍ട്ടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ലഭിച്ചു. കുട്ടിക്ക് അമീബിക് അല്ലായിരുന്നുവെന്നാണ് ഡോക്ടര്‍ ഭര്‍ത്താവിനോട് പറഞ്ഞത്. നേരത്തെ റഫര്‍ ചെയ്തിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇതിന് ശേഷം ഭര്‍ത്താവ് അസ്വസ്ഥനും കടുത്ത മാനസിക സംഘര്‍ഷത്തിലുമായിരുന്നു.’ സനൂപിന്റെ ഭാര്യ പറഞ്ഞു.പനിയെ തുടർന്ന് ആദ്യം എത്തിയ താമരശ്ശേരി ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന്‌ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മക്കളേയും കൂട്ടിയാണ് സനൂപ് വീട്ടില്‍നിന്ന് പോയത്. അവര്‍ക്ക് ഭക്ഷണം വാങ്ങിച്ചുകൊടുത്ത് വിട്ടുവെന്നും ഭാര്യ വ്യക്തമാക്കി.തന്റെ ആക്രമണം ആരോഗ്യ വകുപ്പിനും മന്ത്രി വീണ ജോര്‍ജ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിവര്‍ക്ക് ഡെഡിക്കേറ്റ് ചെയ്യുന്നുവെന്ന് സനൂപ് പോലീസ് കസ്റ്റഡിലിരിക്കെ പ്രതികരിച്ചു. സനൂപിനെതിരെ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *