കൊല്ലം ആര്യങ്കാവിൽ, ട്രെയിനിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടു വന്ന പണം പിടികൂടി. 36 ലക്ഷത്തോളം രൂപയാണ് റെയിൽവെ പൊലീസ് പരിശോധനയിൽ പിടികൂടിയത്. ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനാണ് മധുരൈയിൽ നിന്ന് വരുന്ന ഗുരുവായൂർ എക്സ്പ്രസിൽ ബാഗിൽ രേഖകളില്ലാതെ പണം കൊണ്ടുവന്നത്. രണ്ട് മാസത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് പുനലൂർ ചെങ്കോട്ട പാതയിൽ നിന്നും രേഖകളില്ലാത്ത പണം പിടികൂടുന്നത്. പതിവ് പരിശോധനക്കിടെയാണ് പണം പിടിച്ചതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. പണം എവിടെ നിന്നും കൊണ്ടുവന്നെന്നോ, എത്ര രൂപയുണ്ടെന്നോ, എവിടേക്ക് കൊണ്ടുപോകുന്നു എന്നോ പ്രസന്നൻ വ്യക്തമായ മറുപടി നൽകിയില്ല. ഇലക്ഷനോട്‌ അനുബന്ധിച്ചു വൻതോതിൽ കുഴൽപണവും മറ്റ് ലഹരി വസ്തുക്കളും അന്യസംസ്ഥാനത്തു നിന്ന് എത്താൻ സാധ്യത ഉണ്ടെന്ന ഇന്റലിജിൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി പരിശോധന നടന്നിരുന്നു. റെയിൽവേ എസ്.പി വി കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം ട്രെയിനിലും പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ ബാഗുമായി നിൽക്കുന്നയാളെ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ബാഗ് പരിശോധിച്ചപ്പോൾ പണം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *