കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പ്രതിയായ 17കാരന് നൽകിയ സ്റ്റേഷൻ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നു. കേസിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നടപടികൾ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതി റദ്ദാക്കിയെങ്കിലും, പ്രതിക്ക് നൽകിയ സ്റ്റേഷൻ ജാമ്യം ഇപ്പോഴും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കുടുംബം റിവിഷൻ പെറ്റീഷനുമായി മുന്നോട്ട് പോകുന്നത്. അച്ഛന് നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി വ്യക്തമാക്കി.
നേരത്തെ, 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്റെയും കുടുംബത്തിന്റെയും ആവശ്യം എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയ അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടിയെ അതിരൂക്ഷമായി വിമർശിച്ച കോടതി, എഫ്.ഐ.ആറിലെ തിരുത്തലുകളിലും അപ്പീലിലെ പിഴവുകളിലും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എന്നാൽ അധികാര പരിധിയില്ലാത്ത ജാമ്യാപേക്ഷ പരിഗണിച്ചതിനാലാണ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുൻ ഉത്തരവ് റദ്ദാക്കപ്പെട്ടത്. അതേസമയം, കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിയായ കുട്ടിയുടെ അച്ഛന് അന്വേഷണത്തോട് സഹകരിക്കുന്ന വ്യക്തിയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
കഴിഞ്ഞ മാസം 25-ന് പുലർച്ചെയാണ് അഡീഷണൽ ജഡ്ജിയുടെ മകൻ ഓടിച്ച ബെൻസ് കാറിടിച്ച് മഞ്ഞാലി സ്വദേശിയായ ജയബാലകൃഷ്ണൻ (55) കൊല്ലപ്പെട്ടത്. അപകടമുണ്ടാക്കിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി സ്ഥിരമായി അമിതവേഗതയിൽ വാഹനമോടിക്കുന്നയാളാണെന്നും, സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനായിട്ടാണ് രാത്രി വൈകി കാറുമായി ഇറങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് വാഹനം 104 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചതിന്റെ തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
