കൊച്ചി: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ പോയ ഡോക്ടർ ജോൺസൺ കെ. വർഗീസിനായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതി സംസ്ഥാനം വിടാനോ വിദേശത്തേക്ക് കടക്കാനോ ഉള്ള സാധ്യത മുൻനിർത്തി എറണാകുളം ഇൻഫോപാർക്ക് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. ഡോക്ടറെ കണ്ടെത്തുന്നതിനായി വിവിധയിടങ്ങളിൽ വ്യാപക പരിശോധന നടത്തുകയാണ് അന്വേഷണ സംഘം. അതിനിടെ, പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതായും വിവരമുണ്ട്.

ഡോക്ടർ ജോൺസൺ കെ. വർഗീസിനെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടിയുടെ ബന്ധു നൽകിയ ലൈംഗിക പീഡന പരാതിക്ക് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. മദ്യം നൽകിയ ശേഷം ഡോക്ടർ കാക്കനാട് പരിസരത്തെ ഹോട്ടലിൽ എത്തിച്ച് തന്നെ പീഡിപ്പിച്ചു എന്നാണ് പരാതി. പ്രതിയായ ജോൺസൺ കെ. വർഗീസിന്റെ ഫോണിൽ നിന്ന് മറ്റ് നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയതായാണ് വിവരം.

ഡോക്ടറിൽ നിന്ന് പിടിച്ചെടുത്ത ഫോണുകൾ പരാതിക്കാരിയുടെ കൈവശം എങ്ങനെ എത്തി എന്നതിനെക്കുറിച്ചും പോലീസ് വ്യക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോക്ടർക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ യുവതികൾ ലൈംഗികാതിക്രമ പരാതിയുമായി മുന്നോട്ടുവന്നേക്കുമെന്നാണ് സൂചന. അതിനിടെ, ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ച കേസിൽ കൂടുതൽ പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *