കല്‍പറ്റ: വയനാട് ഡി.സി.സി ട്രഷററായിരുന്ന എന്‍.എം വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തില്‍, സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണനെ പ്രതി ചേര്‍ത്ത് കേസെടുത്തു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡി.ഡി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ പ്രസിഡന്റ് പൗലോസ്, ഭാരവാഹി കെ.കെ ഗോപിനാഥ് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിച്ചിരിക്കുന്നത്.
എന്‍.എം വിജയന്‍ നേതാക്കള്‍ക്കയച്ച കത്തിലും ആത്മഹത്യ കുറിപ്പിലും കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടതോടെയാണ് പൊലീസ് നടപടി കടുപ്പിച്ചത്. അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. നേരത്തെ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തതെങ്കിലും ബുധനാഴ്ച ആത്മഹത്യപ്രേരണ വകുപ്പ് കൂടി ചേര്‍ത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എന്‍.എം. വിജയന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നത്. നിയമനത്തിന്റെ പേരില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ കോഴ വാങ്ങിയെന്നാണ് ആത്മഹത്യകുറിപ്പില്‍ പരാമര്‍ശിക്കുന്നത്. വലിയ ബാധ്യതകളുണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും ഏഴ് പേജിലേറെയുള്ള ആത്മഹത്യ കുറിപ്പില്‍ ആരോപണമുണ്ട്.