കുന്ദമംഗലം: കഴിഞ്ഞ ദിവസം കോഴിക്കോട് എന്‍ഐടിയിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എ പി വേലായുധന്‍ ആവശ്യപ്പെട്ടു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അധ്യായന വര്‍ഷത്തില്‍ മാത്രം കോഴിക്കോട് എന്‍. ഐ. ടി യിലെ നാല് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു എന്ന കണക്ക് ഏറെ ഭീതിപ്പെടുത്തുന്നത് ആണ്. ഇതിലൊന്നും കാര്യമായ അന്വേഷണം നടന്നിട്ടില്ല എന്നത് വളരെ ഗൗരവമേറിയ വിഷയമാണ്. ക്യാമ്പസ്സിലെ തുടരെ തുടരെയുള്ള ആത്മഹത്യകള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ കാര്യക്ഷമമായ അന്വേഷണം വേണം.

പഠനപരമായ സമ്മര്‍ദ്ദവും വേണ്ടവിധത്തില്‍ കൗണ്‍സിലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യകള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. സമീപ കാലത്തായി ക്യാമ്പസ്സില്‍ നടപ്പിലാക്കിയ പല നിയമങ്ങളും വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്ന ആരോപണവും വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നുണ്ട്.

കാര്യക്ഷമമായ അന്വേഷണം നടത്തി തുടരെയുള്ള ആത്മഹത്യകള്‍ക്ക് പിന്നിലെ കാരണത്തെയും കാരണക്കാരെയും പുറത്ത് കൊണ്ടു വരണമെന്നും മാതൃകപരമായി ശിക്ഷിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഉമര്‍ കുന്ദമംഗലം അധ്യക്ഷത വഹിച്ച യോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി മുസ്തഫ പാലായി, മണ്ഡലം കമ്മിറ്റി അംഗം മുസ്ലിഹ് പെരിങ്ങൊളം, എം പി ഫാസില്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം ട്രഷറര്‍ ടി പി ഷാഹുല്‍ഹമീദ് സ്വാഗതവും സെക്രട്ടറി എം എ സുമയ്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *