ഗാസ: ഗാസയിലെ നാവിക ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റുകള്‍ സഞ്ചരിച്ചിരുന്ന സഹായ ബോട്ട് തടഞ്ഞ് ഇസ്രയേല്‍ സൈന്യം. സ്വീഡിഷ് കാലാവസ്ഥാ പ്രചാരണപ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗ്, യൂറോപ്യന്‍ പാര്‍ലമെന്റ് (എംഇപി) ഫ്രഞ്ച് അംഗം റിമ ഹസ്സന്‍ എന്നിവരുള്‍പ്പെടെയുള്ള സഞ്ചരിച്ചിരുന്ന സഹായ ബോട്ടാണ് ഇന്ന് പുലര്‍ച്ചെ സൈന്യം തടഞ്ഞത്.
ഫ്രീഡം ഫ്‌ലോട്ടില്ല കോയലിഷന്‍ (എഫ്എഫ്സി) സംഘടിപ്പിച്ച ഒരു ദൗത്യത്തിന്റെ ഭാഗമായിരുന്നു തടഞ്ഞ സഹായ ബോട്ട്. ‘മാഡ്ലീന്‍’ എന്ന് പേരിട്ടിരിക്കുന്ന ബ്രിട്ടീഷ് പതാകയുള്ള കപ്പലില്‍ പലസ്തീന്‍ അനുകൂല വിഭാഗമായിരുന്നുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. ജൂണ്‍ ആറിനാണ് കപ്പല്‍ സിസിലിയില്‍ നിന്ന് പുറപ്പെട്ടത്. ഇന്ന് (ജൂണ്‍ 9) ന് വൈകുന്നേരം ഇസ്രയേല്‍ സൈനികര്‍ തടയാതെ ഗാസ മുനമ്പിലെത്തുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യമെന്ന് സംഘം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഫ്രീഡം ഫ്‌ലോട്ടില്ല ബോട്ടിലെ എല്ലാ ജീവനക്കാരെയും ഇന്ന് രണ്ട് മണിയോടെ സൈന്യം അറസ്റ്റ് ചെയ്തതായി മൈക്രോ-ബ്ലോഗിംഗിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.