വഴിക്കടവിലെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു. മൃഗ വേട്ട നടത്തിയതിനാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ മൂന്നുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്തു. വനം വകുപ്പ് പ്രത്യേകം കസ്റ്റഡി അപേക്ഷ നല്‍കും.
ഇതിനിടെ വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എല്‍ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് ഇരു മാര്‍ച്ചുകളും നടക്കുക. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സന്ദര്‍ശിക്കും. പന്നികളെ പിടികൂടുന്നതില്‍ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എല്‍ഡിഎഫ് ആരോപണം. 15 കാരന്‍ ഷോക്കേറ്റ് മരിച്ചതില്‍ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം ഉണ്ടായത്. വീട്ടില്‍ നിന്ന് ഫുട്‌ബോള്‍ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് കുട്ടികള്‍ക്കൊപ്പം മീന്‍പിടിക്കാന്‍ പോയതായിരുന്നു. മൃഗവേട്ടക്കാര്‍ പന്നിയെ പിടിക്കാനായി വടിയില്‍ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അഞ്ച് പേരുടെ സംഘമാണ് അപകടത്തില്‍പെട്ടത്.