കോഴിക്കോട്:രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന മുസ്ലിംകളുടെ വഖഫ് സ്വത്തുക്കൾ കയ്യേറാൻ വ്യക്തികൾക്കും സർക്കാറിന്നും അവസരമൊരുക്കുന്നതാണ് സർക്കാറിൻ്റെ പുതിയ വഖഫ് ഭേദഗതി നിർദ്ദേശങ്ങളെന്നും അത് അനുവദിച്ച് കൊടുക്കാനാ നാവില്ലെന്നും കോഴിക്കോട് പാളയം ചീഫ് ഇമാമും മുൻ വഖഫ് ബോർഡ് അംഗവുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. കോഴിക്കോട് പാളയം ജുമാ മസ്ജിദിൽ ജുമുഅ ഖുതുബാ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഓരോ മതക്കാർക്കും അവരവരുടെ വിശ്വാസങ്ങൾ വെച്ച് പുലർത്താനും അനുഷ്ഠിക്കാനും മതസ്ഥാപനങ്ങൾ നിർമ്മിച്ച് നടത്താനും ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. അതിനാൽ മുസ്ലിംകൾ മതപരമായി സ്ഥാപിച്ച വഖഫ് സ്ഥാപനങ്ങളിലേക്കുള്ള ഏത് തരം കടന്നു കയറ്റവും ഭരണഘടനാവിരുദ്ധമാണ്.ഓരോ മതസ്ഥാപനങ്ങളും അതാത് മതക്കാരാണ് നടത്തേണ്ടത്. അവയിൽ മറ്റുള്ളവർ ഇടപെടുന്നത് സമുദായങ്ങളെ തമ്മിലകറ്റുകയാണ് ചെയ്യുക.അതിനാൽ നിർദ്ദിഷ്ഠ പരിഷ്കാരങ്ങൾ സാമുദായിക സൗഹാർദ്ദം തകർക്കാൻ കാരണമാവും.അല്ലാഹുവിൻ്റെ പ്രീതി മാത്രമാഗ്രഹിച്ച് വഖഫ് ചെയ്ത വിലപിടിച്ച സ്വത്തുക്കളും സ്ഥാപനങ്ങളും അന്യാധീനപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറിയേ മതിയാവൂ. വഖഫ് സംരക്ഷണം മെച്ചപ്പെടുത്താനാണ് പുതിയ ഭേദഗതിയെന്ന കേന്ദ്രത്തിൻ്റെ വിശദീകരണം ശരിയല്ല.അതാണുദ്ദേശ്യമെങ്കിൽ മുതിർന്ന ഇസ്ലാമിക പണ്ഡിതന്മാരെയും മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് , ജംഇയ്യത്തുൽ ഉലമകൾ പോലുള്ള ആധികാരിക സമിതികളുടെ പ്രതിനിധികളെയും വഖഫ് ബോർഡിൽ കൊണ്ട് വന്ന് അതിൻ്റെ പ്രവർത്തനം പദ്ധതികളും മാർഗ്ഗരേഖയും തെയ്യാറാക്കുകയാണ് ചെയ്യേണ്ടത് എന്നും ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *