കൊച്ചി: നഗരമധ്യത്തിൽ പട്ടാപ്പകൽ തോക്കുചൂണ്ടി 80 ലക്ഷം രൂപ കവർന്ന സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. അഞ്ചുപേരെ കസ്റ്റഡിയിലെടുത്തതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് മൂന്നരയോടെ കുണ്ടന്നൂരിലെ അരൂർ ബൈപ്പാസിനോട് ചേർന്നുള്ള സ്റ്റീൽ മൊത്തവിതരണ കേന്ദ്രത്തിലായിരുന്നു കവർച്ച നടന്നത്. കവർച്ചയിൽ സഹായിച്ച മൂന്നുപേരും കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടുപേരുമാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഇതിൽ സജി (ഇടനിലക്കാരൻ), വിഷ്ണു എന്നിവരുൾപ്പെടെ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവർ കവർച്ചയ്ക്ക് ഉപയോഗിച്ച രണ്ട് വാഹനങ്ങൾ തൃശൂരിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കെടുത്തവരും സഹായികളും ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. എന്നാൽ, കവർച്ചയ്ക്ക് നേരിട്ട് നേതൃത്വം നൽകിയ മുഖംമൂടി ധരിച്ചെത്തിയ മൂന്നുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

മോഷ്ടിക്കപ്പെട്ട 80 ലക്ഷം രൂപയോ കവർച്ചയ്ക്ക് ഉപയോഗിച്ച തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമങ്ങൾ തുടരുകയാണ്. തോക്കിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

സുബിൻ എന്നയാളുടെ കൈവശമുണ്ടായിരുന്ന പണമാണ് കവർച്ച ചെയ്യപ്പെട്ടത്. മോഷണം പോയ 80 ലക്ഷം രൂപയുടെ ഉറവിടം സംബന്ധിച്ച കാര്യങ്ങളും പോലീസ് അന്വേഷിച്ചു വരികയാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കവർച്ചയ്ക്ക് പിന്നിൽ കൂടുതൽ പേരുണ്ടോയെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. മുഖംമൂടി ധരിച്ച പ്രധാന പ്രതികളെ ഉടൻ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിന് പിന്നിലെ എല്ലാ കണ്ണികളെയും കണ്ടെത്താനുള്ള ശക്തമായ നീക്കങ്ങളാണ് കൊച്ചി സിറ്റി പോലീസ് നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *