ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നാളെ നടത്താനിരിക്കുന്ന സിജെപി പ്രതിഷേധത്തിന് മുന്നോടിയായി നേതാക്കളെ കരുതല്‍ തടങ്കലില്‍ എടുത്ത് പൊലീസ്. രാജ്യത്ത് വിവിധ ഇടങ്ങളില്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിജെപി പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലിലാണെന്ന് നേതൃത്വം ആശങ്ക പ്രകടിപ്പിച്ചു. എസ്എഫ്‌ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി സത്യേഷ ലെവോവ പൊലീസ് നിരീക്ഷണത്തില്‍ വീട്ടുതടങ്കലിലാണ്. എസ്എഫ്‌ഐ ജില്ലാ കണ്‍വീനര്‍ ആരിഫിനെയും സമാനമായ രീതിയില്‍ ഉത്തര്‍പ്രദേശ് പൊലീസ് ഷഹരാന്‍പൂരില്‍ നിന്നും അറസ്റ്റ് ചെയ്തതായി സംഘടന ആരോപിച്ചിരുന്നു. ഡിവൈഎഫ്‌ഐ ഉത്തര്‍പ്രദേശ് പ്രസിഡന്റ് രാജ് കുമാറും വീട്ടുതടങ്കലിലാണ്.
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി നേതാക്കളെ ഇത്തരത്തില്‍ തടഞ്ഞുവെയ്ക്കുന്നത് നിയമവിരുദ്ധവും അനീതിയുമാണെന്ന് എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആദര്‍ശ് എം സജി പറഞ്ഞു. ജനാധിപത്യ പ്രക്രിയയെ ബാധിക്കുന്ന വിഷയങ്ങളില്‍ തങ്ങളുടെ ശബ്ദമുയര്‍ത്തുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും തടയുന്നതിനായി പൊലീസ് ബലപ്രയോഗവും ഏകപക്ഷീയമായ തടങ്കലും പ്രയോഗിക്കുന്നത് ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള ഗുരുതരമായ കടന്നാക്രമണമാണെന്നും ആദര്‍ശ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും കീഴ്പ്പെടുത്താനുള്ള ബിജെപി-ആര്‍എസ്എസ് ശ്രമങ്ങള്‍ വിജയിക്കില്ല. ഭീഷണികളിലൂടെയോ തടങ്കലിലൂടെയോ പൊലീസ് നടപടികളിലൂടെയോ വിദ്യാര്‍ത്ഥികളുടെ ജനാധിപത്യബോധത്തെ അടിച്ചമര്‍ത്താനാവില്ല. വോട്ട് കൊള്ളയ്ക്കെതിരെ ഒക്ടോബര്‍ 10ന് ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ തെരുവിലിറങ്ങുമെന്നും ആദര്‍ശ് വ്യക്തമാക്കി.
ഡല്‍ഹിയില്‍ സിജെപി നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. 12ാം തീയതി വരെ ഡല്‍ഹിയില്‍ 23,000ലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിജെപിയും വിദ്യാര്‍ത്ഥി സംഘടനകളും നാളെ സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് ഡല്‍ഹി പൊലീസ് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. മറ്റുനഗരങ്ങളില്‍ പ്രതിഷേധത്തിന് അനുമതി ലഭിച്ചെന്നും ഡല്‍ഹിയിലെ പ്രതിഷേധത്തിന് അമിത് ഷാ എന്തുകൊണ്ട് അനുമതി നല്‍കുന്നില്ലെന്നും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്‌കെ ചോദിച്ചിരുന്നു.
ഡല്‍ഹിയില്‍ സുരക്ഷാ ഏജന്‍സികള്‍ സോഷ്യല്‍ മീഡിയ അടക്കം നിരീക്ഷിച്ചുവരികയാണ്. 2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് ശേഷം, തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടെ ഒരാഴ്ചയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍ റദ്ദാക്കി അമിത് ഷാ ഡല്‍ഹിയില്‍ തുടരുകയാണ്. വിവിധ തലങ്ങളിലായുള്ള ബാരിക്കേഡുകള്‍, സിസിടിവി നിരീക്ഷണം, ഫേഷ്യല്‍ റക്ഗനഷന്‍ സിസ്റ്റം അടക്കം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പൊലീസിന്റെ ക്യാമ്പയിന്‍ നടക്കുകയാണ്. മസ്ജിദുകളില്‍ അടക്കം എത്തി പൊലീസ് സന്ദേശം വായിച്ചുകഴിഞ്ഞു.
