വഖഫിൽ വിവാദപ്രസ്താവനയുമായി ബിജെപി നേതാക്കൾ. വഖഫ് എന്നാൽ നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറ‍ഞ്ഞു. ആ ബോര്‍ഡിന്‍റെ പേര് താൻ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസിൽ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞു.ഇതേ വേദിയിൽ വെച്ച് തന്നെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ വിവാദ പരാമര്‍ശനം നടത്തി. പതിനെട്ടാം പടിക്ക് താഴേ ഇരിക്കുന്ന വാവര്, താൻ ഇത് വഖഫിന് കൊടുത്തുവെന്ന് പറഞ്ഞാൽ ശബരിമല വഖഫിന്‍റെയാകും. അയ്യപ്പൻ ശബരിമലയിൽ നിന്ന് ഇറങ്ങിപോവേണ്ടിവരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ടു പോകാതെ ഇരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണം എന്നും വയനാട് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലക്കൃഷ്ണൻ പറഞ്ഞു.അതേസമയം, മുനമ്പം പ്രശ്നം രമ്യമായി പരിഹരിക്കാൻ സര്‍ക്കാര്‍ സഹകരിച്ചാൽ ഞങ്ങള്‍ മുൻകൈ എടുക്കാമെന്ന് നേരത്തെ അറിയിച്ചതാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എവിടെ ചെന്നാലും ഇപ്പോള്‍ കലക്കൽ ആണ് നടക്കുന്നത്. പാലക്കാട് പെട്ടി വെച്ച് കലക്കാൻ ശ്രമം നടക്കുകയാണ്. അതുപോലെ മുമ്പത്ത് വഖഫ് വെച്ച് പ്രശ്നമുണ്ടാക്കുന്നു. വടകരയിൽ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദമുണ്ടാക്കി കലക്കാൻ ശ്രമിച്ചു. ഒടുവിലായി പൂരം കലക്കലും വന്നു.ഇനിയപ്പോ വയനാട്ടിൽ വല്ല കലക്കലും നടക്കുമോയെന്നാണ് ബിജെപി നോക്കുന്നത്. വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം കൊടുക്കാൻ മുൻകൈ എടുക്കാതെ അതെക്കുറിച്ച് ഒന്നും പറയാതെ ഇത്തരം വര്‍ത്തമാനമല്ല കേന്ദ്ര മന്ത്രി സുരേഷ് ഗോപി വയനാട്ടിൽ വരുമ്പോള്‍ പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *