വാള്‍ട്ട് ഡിസ്‌നിക്കെതിരെ പരസ്യപ്രതികരണവുമായി വീണ്ടും എക്‌സ് തലവന്‍ എലോണ്‍ മസ്‌ക്. ഡിസ്‌നിയെ നേരിടാന്‍ ചിലപ്പോള്‍ താന്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങിയേക്കുമെന്ന് മസ്‌ക് പറഞ്ഞു. ഒരു ഫോളോവറിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. എക്‌സില്‍ പരസ്യം നല്‍കുന്നത് വാള്‍ട്ട് ഡിസ്‌നി അവസാനിപ്പിച്ചിരുന്നു. ഇതാണ് മസ്‌കിനെ പ്രകോപിച്ചത്. ഈ മാസമാദ്യം നടന്ന ഒരു അഭിമുഖത്തില്‍ എക്‌സില്‍ പരസ്യം നല്‍കുന്നത് അവസാനിപ്പിച്ച കമ്പനികളെ അധിക്ഷേപിച്ച് മസ്‌ക് സംസാരിച്ചിരുന്നു. കൂടാതെ അന്ന് വാള്‍ട്ട് ഡിസ്നി സിഇഒ ബോബ് ഐഗറിന്റെ പേരെടുത്ത് പറയുകയും ചെയ്തു. ഇപ്പോള്‍ മസ്‌ക് പറയുന്നത് ഡിസ്നി എത്രയും വേഗം ബോബിനെ പുറത്താക്കണമെന്നാണ്. ഈ ട്വീറ്റിന് താഴെ ഡിസ്നിയെ നേരിടാന്‍ ഒരു മൂവീ സ്റ്റുഡിയോ ആരംഭിച്ചു കൂടേ എന്ന് ഒരു ഫോളോവര്‍ ചോദിച്ചു. അതിനു മറുപടിയായാണ് ‘ചിലപ്പോള്‍ തങ്ങള്‍ അത് ചെയ്യും’ എന്ന മസ്‌ക് പ്രതികരിച്ചത്. പരസ്യദാതാക്കളാണ് കമ്പനിയെ കൊന്നതെന്ന് ലോകം മുഴുവന്‍ അറിയും. വിശദമായി അത് രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മെറ്റയ്ക്കും സുക്കര്‍ബര്‍ഗിനും എതിരെ കേസെടുത്ത സംഭവം ചൂണ്ടിക്കാട്ടി മസ്‌ക് ഐഗറിനെ കടന്നാക്രമിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ വിതരണം ചെയ്യുന്നതിന് സഹായിച്ചുവെന്ന് ആരോപിച്ചാണ് കേസ്. എക്‌സിന് സമാനമായി ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കുമോ എന്ന് ചോദ്യവുമായി കൊളിന്‍ റഗ്ഗ് എന്നയാള്‍ പങ്കുവെച്ച പോസ്റ്റ് മസ്‌ക് റീപോസ്റ്റും ചെയ്തിട്ടുണ്ട്. ഈ പെരുമാറ്റത്തില്‍ ഡിസ്നിക്കെതിരെ കേസെടുക്കണമെന്നും മസ്‌ക് പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്ന ഉള്ളടക്കങ്ങളുടെ കൂടെ പരസ്യം ചെയ്യുന്നത് നല്ലതാണെന്നാണ് ബോബ് ഐഗര്‍ കരുതുന്നതായും മസ്‌ക് പറഞ്ഞു. എക്‌സില്‍ വന്ന ജൂതവിരുദ്ധ പോസ്റ്റിനെ മസ്‌ക് പിന്തുണച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഗാസ-ഇസ്രയേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. വിവാദ പോസ്റ്റായി ഇത് മാറിയതോടെ ഡിസ്നി ഉള്‍പ്പടെയുള്ള നിരവധി പരസ്യദാതാക്കള്‍ എക്സുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *