കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് മലയാളം അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ അശമന്നൂര്‍ നൂലേലി മുടശേരി സവാദ് (38) കണ്ണൂരില്‍ പിടിയില്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ) സവാദിനെ പിടികൂടിയത്. കുറ്റകൃത്യം നടന്ന 2010 ജൂലൈ 4നു ആലുവയില്‍ നിന്നു സവാദ് ബെംഗളൂരുവിലേക്കു കടന്നതായി അന്ന് കേസന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ 13 വര്‍ഷം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. സവാദിനെ കണ്ടെത്താനുള്ള സാധ്യത വിരളമാണെന്ന് കരുതിയിരിക്കെയാണ് കണ്ണൂരില്‍നിന്ന് ഇയാള്‍ പിടിയിലായത്.

സവാദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കാണ് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയര്‍ത്തിയത്.

2010 ജൂലൈ നാലിനാണ് പ്രഫ. ടി.ജെ.ജോസഫിന്റെ കൈവെട്ടിയത്. ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേരള പൊലീസ് അന്വേഷിച്ച കേസ് 2011 മാര്‍ച്ച് 9ന് എന്‍.ഐ.എ ഏറ്റെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *