നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമര്‍ശം നടത്തിയതിന് റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ തുടരും. ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേസ് അടിയന്തിരമായി പരിഗണിക്കില്ലെന്നാണ് കോടതിയുടെ തീരുമാനം. അടിയന്തിരമായി പരിഗണിക്കേണ്ട എന്ത് സാഹചര്യമാണുള്ളതെന്ന് കോടതി ചോദിച്ചു.
പൊതുഇടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ എന്ന് ഹൈക്കോടതി ചോദിച്ചു. ഒരു പ്രത്യേക പരിഗണനയും ബോബിക്കില്ല. സാധാരണക്കാരന്റെ പരിഗണന മാത്രം. ജാമ്യാപേക്ഷ വന്നാല്‍ മൂന്ന് ദിവസം പൊലീസിന് മറുപടി നല്‍കാന്‍ സമയം നല്‍കും. അത് അറിയില്ലേ, അതാണ് ഹൈക്കോടതിയുടെ നടപടിക്രമമെന്നും ഹൈക്കോടതി പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലുമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മജിസ്ട്രേറ്റ് കോടതിയുടെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇത് എഫ്ഐആര്‍ റദ്ദാക്കാനുള്ള അപേക്ഷയല്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി.